പാലക്കാട്: രണ്ടു വര്‍ഷം മുന്‍പു മലമ്പുഴ കുമ്പാച്ചിമലയില്‍ നിന്നു സൈന്യത്തിന്റെ സഹായത്തോടെ രക്ഷിച്ച ബാബുവിന്റെ മാതാവ് റഷീദ (46), സഹോദരന്‍ ഷാജി (23) എന്നിവര്‍ ജീവനൊടുക്കിയതാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കടുക്കാംകുന്നത്ത് ഇവരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കാണാന്‍ മോര്‍ച്ചറിയിലെത്തിയ ബാബു മാനസികാസ്വാസ്ഥ്യം കാട്ടിയതിനെ തുടര്‍ന്നു ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങള്‍ കള്ളിക്കാട് ജുമാ മസ്ജിദില്‍ കബറടക്കി.
റഷീദയും രണ്ടു മക്കളും മലമ്പുഴ മന്തക്കാടുള്ള വാടക വീട്ടിലാണു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി സമീപവാസികള്‍ പൊലീസിനു മൊഴി നല്‍കി. ആറു മാസമായി ബാബു ജോലിക്കു പോയിരുന്നില്ല. സാമ്പത്തിക പ്രയാസങ്ങളും കുടുംബപ്രശ്‌നങ്ങളുമാണു ജീവനൊടുക്കാന്‍ കാരണമെന്നാണു പൊലീസ് കരുതുന്നത്.2022 ഫെബ്രുവരിയിലാണു മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ മലയടിവാരത്ത് ഉറക്കവും ഭക്ഷണവുമില്ലാതെ കാത്തിരുന്ന റഷീദയുടെയും ഷാജിയുടെയും ചിത്രം ശ്രദ്ധ നേടിയിരുന്നു.ബാബു ജീവിതത്തിലേക്കു മടങ്ങിവന്ന രണ്ടാം വാര്‍ഷികത്തിലാണു മാതാവിന്റെയും സഹോദരന്റെയും മരണം.