കാപ്പാ കേസിലുള്‍പ്പെട്ട പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

0 second read

അടൂര്‍: കണ്ണൂര്‍ ജില്ലയിലെ കാപ്പാ കേസിലുള്‍പ്പെട്ട പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് കാപ്പാ കേസ് പ്രതികളടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഇരിട്ടി കേളകം അടയ്ക്കാത്തോട് മുട്ട്മാറ്റി പടിയക്കണ്ടത്തില്‍ വീട്ടില്‍ ജെറില്‍ പി ജോര്‍ജ്ജി(25)നെ ക്രൂരമായി പരിക്കേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഒട്ടേറെ ക്രിമിനല്‍ കേസ് പ്രതികളായ ഏഴംകുളം നെടുമണ്‍ പറമ്പ് വയല്‍കാവ് മുതിര വിള പുത്തന്‍വീട്ടില്‍ കിച്ചു എന്ന് വിളിക്കുന്ന വിഷ്ണു വിജയന്‍(30), കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് സുരഭി വീട്ടില്‍ കാര്‍ത്തിക്(26), ഏഴംകുളം വയല കുതിരമുക്ക് ഉടയാന്‍ വിള കിഴക്കേതില്‍ ശ്യാം (24) എന്നിവരെയാണ് അടൂര്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ജനുവരി 18 നാണ് കേസിന് ആസ്പദമായ സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായതിനെ തുടര്‍ന്ന് , കാപ്പാ നടപടി പ്രകാരം ജയിലില്‍ അടയ്ക്കപ്പെട്ട സഹോദരങ്ങളായ അടൂര്‍ ഇളമണ്ണൂര്‍ മാരൂര്‍ സ്വദേശികളായ സൂര്യലാലിന്റെയും ചന്ദ്രലാലിന്റെയും വീട്ടില്‍ വച്ചാണ് പ്രതികള്‍ ജെറില്‍ പി ജോര്‍ജ്ജിനെ മര്‍ദ്ദിച്ചത്. കാപ്പാ നടപടികള്‍ക്ക് വിധേയനായി തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് പ്രതികളായ വിഷ്ണു, ശ്യാം എന്നിവരെയും, സൂര്യലാലിനെയും, ചന്ദ്രലാലിനെയും ജെറില്‍ പരിചയപ്പെടുന്നത്.

ഇതേസമയം മറ്റൊരു കേസില്‍ പ്രതിയായി കാര്‍ത്തിക്കും ജയിലില്‍ ഉണ്ടായിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇവര്‍ മാരൂരിലുള്ള സൂര്യലാലിന്റെ വീട്ടില്‍ ദിവസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു. സാമ്പത്തികവിഷയത്തില്‍ ഇവിടെവച്ച് പരസ്പരം തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന്, പ്രതികള്‍ ജെറിലിന്റെ പുറത്തും വയറിലും നെഞ്ചിലുമായി ബ്ലേഡ് കൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ചതായി ഇയാളുടെ മൊഴിയില്‍ പറയുന്നു. ഇത്തരത്തില്‍ ഇരുപതോളം മുറിവുകള്‍ സംഭവിപ്പിച്ചു. ലൈംഗികാവയവത്തിലും ഇരുതുടയിലും തീക്കനല്‍ വാരിയിട്ട് പൊള്ളിക്കുകയും, എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് ചെവിയില്‍ പെല്ലറ്റില്ലാതെ അടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് പിസ്റ്റലില്‍ പെല്ലറ്റ് ഇട്ട് കാലിലും ചെവിയിലും വെടിവച്ചതായും ഇരുമ്പ് കമ്പി കൊണ്ട് ദേഹമാസകലം മര്‍ദ്ദിച്ചതായും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ദേഹമാസകലം പരിക്കേറ്റ ജെറിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കാതെ പ്രതികള്‍ അഞ്ചു ദിവസം മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.

തുടര്‍ന്ന് ഇവിടെനിന്നും രക്ഷപ്പെട്ട ജെറില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഡോക്ടര്‍ മര്‍ദ്ദന വിവരം അറിച്ചതിനെ തുടര്‍ന്ന് അടൂര്‍ പോലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും, പ്രതികളെ ഭയന്ന് ജെറില്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് കണ്ണൂരിലേക്ക് പോയതായി അറിഞ്ഞു. ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് കണ്ണൂരില്‍ എത്തി ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ച പോലീസ് പ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ്, ഇന്നലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്തത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തികതര്‍ക്കമാണ് പ്രതികള്‍ യുവാവിനെ മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ജെറിലിന്റെ പേരില്‍ മയക്കുമരുന്ന് ഹാഷിഷ് ഓയില്‍ കഞ്ചാവ് എന്നിവയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കേസുകളുണ്ട്. വിഷ്ണുവിജയന്റെ പേരില്‍ പതിനഞ്ചോളം ക്രിമിനല്‍ കേസുകളും, ശ്യാമിന്റെ പേരില്‍ എട്ടോളം കേസുകളും നിലവിലുള്ളതായും, കാര്‍ത്തിക് പിടിച്ചുപറി വധശ്രമം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ അതിക്രൂരമായി യുവാവിനെ മര്‍ദ്ദിച്ചതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

സൂര്യലാലിനോടും ചന്ദ്രലാലിനോടുമുള്ള വിരോധം കാരണം, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇവരുടെ വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി ഇവരുടെ അമ്മ സുജാതയെ ക്രൂരമായി മര്‍ദിക്കുകയും വീട് മുഴുവന്‍ അടിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഗുരുതര പരിക്കേറ്റ സുജാത മരണപ്പെടുകയും, കേസില്‍ ഉള്‍പ്പെട്ട പതിനാലോളം പ്രതികളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഏനാത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ഒളിവിലായിരുന്ന രണ്ടു പേരും അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയപ്പോള്‍ അറസ്റ്റിലായി. ഈ കേസില്‍ ജയിലില്‍ കഴിഞ്ഞുവരവേ കാപ്പാ നടപടികള്‍ക്ക് വിധേയരായി. പിന്നീട് പുറത്തിറങ്ങിയ ഇവരുടെ വീട്ടില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ വന്നു പോകുന്നതായുള്ള വിവരത്തെ തുടര്‍ന്ന്, പോലീസ് പരിശോധന നടത്തുകയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി താക്കീത് നല്‍കുകയും ചെയ്തിരുന്നു.

ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശാനുസരണം, അടൂര്‍ ഡിവൈഎസ്പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവ്, എസ് ഐമാരായ എം മനീഷ്, ബാലസുബ്രഹ്മണ്യന്‍, സി പി ഓമാരായ സൂരജ്, ശ്യാം കുമാര്‍, റോബി ഐസക് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തുന്നതിലേക്ക് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…