പത്തനംതിട്ടയെ ഇളക്കി മറിച്ച് കേരള പദയാത്രയ്ക്ക് അടൂരില്‍ വന്‍ സ്വീകരണം

0 second read

അടൂര്‍: എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര പത്തനംതിട്ടയെ ഇളക്കി മറിച്ചു. അടൂര്‍ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സിനിമാ സംവിധായകനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ മേജര്‍ രവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

ബിജെപി സംസ്ഥാന സെക്രട്ടറി കരമന അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് പിസി ജോര്‍ജ് ആശംസ പ്രസംഗം നടത്തി. ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച കേരള പദയാത്ര പാറന്തലില്‍ സമാപിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത പദയാത്രയില്‍ പകുതിയിലധികവും സ്ത്രീകളായിരുന്നു. മുത്തുക്കുടകളും വെഞ്ചാമരങ്ങളുമേന്തിയ സ്ത്രീകള്‍ നരേന്ദ്രമോദി നടപ്പിലാക്കിയ പദ്ധതികള്‍ പതിപ്പിച്ച പ്ലക്കാര്‍ഡുകള്‍ കൈകളിലേന്തിയിരുന്നു. മോദിയുടെ ചിത്രം ആലേഖനം ചെയ്ത മുഖംമൂടി ധരിച്ച പ്രവര്‍ത്തകര്‍ യാത്രയുടെ മുമ്പില്‍ അണിനിരന്നു. വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ നിശ്ചല ദൃശ്യങ്ങളും പദയാത്രയില്‍ അണിനിരന്നു. മോദി സര്‍ക്കാരിന്റെ വിവിധ ജനപ്രിയ പദ്ധതികള്‍ അനൗണ്‍സ്‌മെന്റ് ചെയ്ത് നിരവധി വാഹനങ്ങളും പദയാത്രയ്ക്ക് അകമ്പടി നല്‍കി. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും പദയാത്രയ്ക്ക് പ്രൗഡിയേകി. പദയാത്ര കടന്നു പോയ വീഥിക്ക് ഇരുവശത്തു നിന്നും ആളുകള്‍ കെ.സുരേന്ദ്രനെ ആശിര്‍വദിച്ചു.

യാത്രയില്‍ വിവിധ കേന്ദ്ര പദ്ധതികളില്‍ അംഗമായവരെയും സുരേന്ദ്രന്‍ അഭിസംബോധന ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ പൊതുജനങ്ങളെ അംഗമാക്കുവാന്‍ പദയാത്രയോടൊപ്പം പ്രത്യേകം തയ്യാറാക്കിയ ഹെല്‍പ്പ് ഡസ്‌ക്ക് വാഹനവുമുണ്ടായിരുന്നു. നിരവധി പേരാണ് ഇതിലൂടെ വിവിധ മോദി സര്‍ക്കാര്‍ പദ്ധതികളില്‍ അംഗങ്ങളായത്. വിവിധ പാര്‍ട്ടികളില്‍ നിരവധി പേര്‍ ബിജെപിയില്‍ ചേര്‍ന്നു. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരെ കെ.സുരേന്ദ്രന്‍ സ്വീകരിച്ചു. എന്‍ഡിഎയുടെ മുഴുവന്‍ നേതാക്കളും ജാഥാ ക്യാപ്റ്റനൊപ്പം പദയാത്രയില്‍ പങ്കെടുത്തു. എസ്‌ജെഡി സംസ്ഥാന പ്രസിഡന്റ് വിവി രാജേന്ദ്രന്‍, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂര്‍ക്കട ഹരികുമാര്‍, ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പദ്മകമാര്‍, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീള ദേവി, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ വിഎന്‍ ഉണ്ണി, ജി.രാമന്‍ നായര്‍, വിക്ടര്‍ ടി തോമസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി നോബിള്‍മാത്യു, മാത്യു മഠത്തേടത്ത്, ജില്ലാ അദ്ധ്യക്ഷന്‍ വിഎ സൂരജ് എന്നിവര്‍ സംസാരിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…