തിരുവനന്തപുരം: ലോട്ടറി ബംപര്‍ ടിക്കറ്റെടുക്കുന്നവര്‍ നറുക്കെടുപ്പിന്റെ തലേന്നു സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്ന അവസ്ഥയിലാണ് സംസ്ഥാന ധനമന്ത്രി . ലോട്ടറി അടിച്ചാല്‍ ചെയ്തു തീര്‍ക്കേണ്ട ആഗ്രഹങ്ങളുടെ നീണ്ട പട്ടികയുണ്ടാകും എടുക്കുന്നവരുടെ മനസില്‍. ലോട്ടറി അടിക്കില്ലെന്നു മാത്രം. ധനമന്ത്രിയുടെ മനസിലെ പ്രതീക്ഷകള്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കുന്നതും കേന്ദ്ര ഗ്രാന്റുകളുമൊക്കെയാണ്. പ്രതീക്ഷിച്ച തീരുമാനങ്ങള്‍ കേന്ദ്രത്തില്‍നിന്നും ഉണ്ടാകുന്നില്ല.
ധനമന്ത്രിയില്‍നിന്ന് എല്ലാവരും മാജിക് പ്രതീക്ഷിക്കുന്നു. മാജിക് കാണിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പണമില്ലാത്ത അവസ്ഥ. ക്ഷേമപെന്‍ഷന്‍ 5 മാസമായി കൊടുത്തിട്ടില്ല. ട്രഷറി നിയന്ത്രണങ്ങള്‍ തുടരുന്നു. പണമില്ലാത്തതിനാല്‍ മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കു വേണ്ടത്ര പുരോഗതിയില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുടിശികയാണ്. ജിഎസ്ടി വന്നതോടെ സംസ്ഥാന ധനമന്ത്രിമാരുടെ പഴയ പ്രൗഢി നഷ്ടമായി. പുതിയ നികുതികള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതകള്‍ തീരെ കുറഞ്ഞതോടെ, കയ്യിലുള്ള പൈസ വീതിച്ചു കൊടുക്കാമെന്നു മാത്രം. സെസ് ഏര്‍പ്പെടുത്തി പണം കണ്ടെത്താമെന്നു കരുതിയാല്‍ സാധ്യമായ മേഖലകളിലെല്ലാം ഇപ്പോള്‍ സെസുണ്ട്. അതില്‍ വര്‍ധന വരുത്താനേ കഴിയു.