എറണാകുളം: അടൂര്‍ ലൈഫ് ലൈന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നവീനമായ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ചികിത്സാ രീതിക്കു തുടക്കമായി. കൊറോണറി ധമനികളിലെ കഠിനമായ ബ്ലോക്കുകള്‍ മൂലം അഞ്ജയിന (നെഞ്ചുവേദന) അനുഭവിക്കുന്നവര്‍ക്ക് വലിയ അനുഗ്രഹമാണു പുതിയ ചികിത്സാ രീതി. അപൂര്‍വമായ ഈ ചികിത്സാ രീതി നടപ്പാക്കുന്ന കേരളത്തിലെ രണ്ടാമത്തെ ആശുപത്രിയാണ് ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്. പത്തനംതിട്ടയില്‍ ഈ സൗകര്യമുള്ള ഏക ആശുപത്രിയും അടൂര്‍ ലൈഫ്‌ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രമാണ്.
ധമനികളിലെ ബ്ലോക്ക് മാറ്റാനായി സ്ഥാപിച്ച സ്റ്റെന്റില്‍ ഗുരുതരമായ ബ്ലോക്ക് രൂപപ്പെട്ട രോഗിക്ക് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി വഴി വിജയകരമായ രോഗമുക്തി നല്‍കാന്‍ ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം മേധാവിയുമായ ഡോ. ഇസഡ്. സാജന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന് സാധിച്ചത് ഒട്ടേറെ രോഗികള്‍ക്കാണു പ്രതീക്ഷ പകരുന്നത്. സീനിയര്‍ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. വിനോദ് മണികണ്ഠന്‍, ഡോ. ശ്യാം ശശിധരന്‍, ഡോ. കൃഷ്ണമോഹന്‍ എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.
ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിലുണ്ടാകുന്ന ബ്ലോക്കുകളെ നീക്കാനുള്ള കൊറോണറി ആന്‍ജിയോപ്ലാസ്റ്റിക്കുള്ള ഏറ്റവും പുതിയ ഉപകരണമാണ് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി അല്ലെങ്കില്‍ ELCA (എക്‌സൈമര്‍ ലേസര്‍ കൊറോണറി അഥറെക്ട്മി). സുരക്ഷിതമായ രീതിയില്‍ ലേസര്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ഒരു കണ്‍സോളും ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ തുറക്കാനായി ധമനികളിലേക്ക് ലേസര്‍ ഊര്‍ജ്ജം എത്തിക്കുന്ന ഒരു കത്തീറ്ററും ട്യൂബും ഉള്‍പ്പെടുന്നതാണ് ELCA ഉപകരണം. ഹൃദയ ധമനികളില്‍ തുടര്‍ച്ചയായി ബ്ലോക്കുകള്‍ രൂപപ്പെടുന്നവര്‍ക്കും മുന്‍പ് ആന്‍ജിയോപ്ലാസ്റ്റിക്കോ ബൈപാസ് ശസ്ത്രക്രിയയ്‌ക്കോ വിധേയരായവരുടെ ധമനിയില്‍ സ്ഥാപിച്ചിട്ടുള്ള സ്റ്റെന്റുകളില്‍ രൂപപ്പെടുന്നവര്‍ക്കും ബ്ലോക്കുകള്‍ മാറ്റാനുള്ള ഉത്തമമായ ചികിത്സാ രീതിയാണ് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി.
സാധാരണ ആന്‍ജിയോപ്ലാസ്റ്റി ചികിത്സാ ഉപകരണങ്ങളുപയോഗിച്ചു നീക്കം ചെയ്യാന്‍ കഴിയാത്ത കട്ടിയേറിയ ബ്ലോക്കുകളെയും ധമനികള്‍ക്കുള്ളില്‍ അമിതമായി ത്രോംബസ് അല്ലെങ്കില്‍ രക്തം കട്ടപിടിച്ചു ഹൃദയാഘാതമുണ്ടാകുന്ന രോഗാവസ്ഥയും ചികിത്സിക്കാന്‍ ഏറ്റവും മികച്ച ചികിത്സാ രീതിയാണ് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി. അടൂര്‍ ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ ചികിത്സാ സംവിധാനം നിലവില്‍ വന്നതോടെ കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഹൃദ്രോഗ ചികിത്സയ്ക്ക് അത്യാധുനിക സൗകര്യമാണു ഇനി ലഭ്യമാകുക.
മികച്ച സൗകര്യമുള്ള രണ്ട് ആധുനിക കാത്‌ലാബുകള്‍, നിര്‍മിത ബുദ്ധി ഉപയോഗിച്ചു (എഐ) ധമനികളിലെ ബ്ലോക്കുകള്‍ കൃത്യമായി മനസിലാക്കാനുള്ള ഇന്‍ട്രാകോറോണറി ഇമേജിങ്ങിനായി OCT (ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രഫി) അല്ലെങ്കില്‍ IVUS (ഇന്‍ട്രാവാസ്‌കുലര്‍ അള്‍ട്രാസൗണ്ട്), കട്ടപിടിച്ച രക്തം നീക്കാനുള്ള പെനംബ്ര ഉപകരണം, 3 ടെസ്ല MRI, 128 സ്ലൈസ് സിടി, ഇലക്ട്രോഫിസിയോളജി ആന്‍ഡ് പീഡിയാട്രിക് കാര്‍ഡിയോളജി ക്ലിനിക്കുകള്‍ തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ മൂലം ശാസ്ത്രീയമായ സമഗ്ര ചികിത്സയും, സൗഹൃദപരമായ അന്തരീക്ഷവും, രോഗികള്‍ക്കു ഉറപ്പു നല്‍കുന്നു. ”നാടിനു നല്ല ഹൃദയം” എന്നതാണ് ലൈഫ്‌ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആപ്തവാക്യം.
പത്രസമ്മേളനത്തില്‍ ഡോ എസ് പാപ്പച്ചന്‍
ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍, ഡോ ഇസഡ്. സാജന്‍ അഹമ്മദ്
കാര്‍ഡിയോളജി ഡയറക്ടര്‍ ആന്‍ഡ് ഹെഡ്, ലൈഫ്‌ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്,
ഡോ മാത്യൂസ് ജോണ്‍,മെഡിക്കല്‍ ഡയറക്ടര്‍, ഡോ വിനോദ് മണികണ്ഠന്‍
സീനിയര്‍ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ്, ഡോ ജോര്‍ജ് ചാക്കച്ചേരി
സിഇഒ, എന്നിവര്‍ പങ്കെടുത്തു