തിരുവനന്തപുരം: എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര 27ന് കാസര്‍കോട് നിന്നാരംഭിക്കും. വൈകിട്ട് 3ന് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഉദ്ഘാടനം ചെയ്യും. രാവിലെ മധൂര്‍ ക്ഷേത്ര ദര്‍ശനത്തോടെയാണു പരിപാടികള്‍ തുടങ്ങുക.
രാവിലെ 9ന് യാത്രാ ക്യാപ്റ്റന്റെ വാര്‍ത്താസമ്മേളനം. 10.30ന് കുമ്പളയില്‍ വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം. 12ന് ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹസംഗമം. മേല്‍പ്പറമ്പിലാണ് അന്നത്തെ യാത്രയുടെ സമാപനം.
29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലും പദയാത്ര കടന്നു പോകും. ഫെബ്രുവരി 3, 5, 7 തീയതികളില്‍ ആറ്റിങ്ങല്‍, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലും കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളില്‍ 9, 10, 12 തീയതികളിലും യാത്രയെത്തും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. 14ന് ഇടുക്കിയിലും 15ന് ചാലക്കുടിയിലും 19, 20, 21 തീയതികളില്‍ മലപ്പുറം, കോഴിക്കോട്, ആലത്തൂര്‍ മണ്ഡലങ്ങളിലും പൊന്നാനിയില്‍ 23നും എറണാകുളത്ത് 24നും തൃശൂരില്‍ 26നും നടക്കുന്ന പദയാത്ര 27ന് പാലക്കാട്ട് സമാപിക്കും.
ദിവസവും വിവിധ കേന്ദ്രമന്ത്രിമാരും കേന്ദ്രനേതാക്കളും പദയാത്ര ഉദ്ഘാടനം ചെയ്യും. ഓരോ മണ്ഡലത്തിലും ഉദ്ഘാടന, സമാപന സമ്മേളനങ്ങളുണ്ടാകും. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും 25,000 പേര്‍ നടക്കുന്ന യാത്രയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും പങ്കാളികളാകും. രാവിലെ വിവിധ മത-സാമുദായിക നേതാക്കളുമായുള്ള സ്‌നേഹ സംഗമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ അംഗങ്ങളായവരുടെ ഗുണഭോക്തൃ സംഗമങ്ങളും നടക്കും. വിവിധ മണ്ഡലങ്ങളിലെ വികസന പ്രശ്‌നങ്ങളും പ്രതീക്ഷകളും ചര്‍ച്ച ചെയ്യുന്ന വികസന സെമിനാറുകളും ഉണ്ടാകും
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളില്‍ അംഗമാവാനുള്ള അവസരമൊരുക്കും. അതിനായി പ്രത്യേകം ഹെല്‍പ് ഡെസ്‌കുകളുണ്ടാവും. ദിവസവും രാവിലെ 9ന് യാത്രാ ക്യാപ്റ്റന്റെ വാര്‍ത്താസമ്മേളനം. ഉച്ചയ്ക്ക് ശേഷം നടക്കുന്ന പദയാത്രയില്‍ ഓരോ മണ്ഡലങ്ങളില്‍നിന്നും 1000 പേര്‍ പുതുതായി ബിജെപിയിലും എന്‍ഡിഎയിലും ചേരും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിശ്ചലദൃശ്യങ്ങളും പദയാത്രയില്‍ പ്രദര്‍ശിപ്പിക്കും. എന്‍ഡിഎയുടെ വികസന രേഖയും പ്രകാശിപ്പിക്കും.