അന്തര്‍ജില്ലാ ബൈക്ക് മോഷ്ടാക്കള്‍ അടൂര്‍ പൊലീസിന്റെ പിടിയില്‍: ചതിച്ചത് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക്

17 second read

അടൂര്‍: അന്തര്‍ ജില്ലാ ബൈക്ക് മോഷണം പതിവാക്കിയ യുവാവ് സംശയകരമായ സാഹചര്യത്തില്‍ പൊലീസിന് മുന്നില്‍ അകപ്പെട്ടു. ബൈക്കിന്റെ അഴിച്ചു വച്ച നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ അഴിഞ്ഞത് നിരവധി മോഷണങ്ങളുടെ ചുരുള്‍. കൂട്ടുപ്രതിയെ അടക്കം അറസ്റ്റ് ചെയ്ത് അടൂര്‍ പൊലീസ്. പട്രോളിങ് ഡ്യൂട്ടിക്കിടെ സംശയം തോന്നി പിടിച്ചെടുത്ത വാഹനമാണ് മറ്റ് മോഷണങ്ങളിലേക്കും വഴി തെളിച്ചത്.

കലഞ്ഞൂര്‍ കാഞ്ഞിരം മുകളില്‍ സന്ധ്യ ഭവനം വീട്ടില്‍ വിഷ്ണു(21),മെഴുവേലി തുമ്പമണ്‍ നോര്‍ത്ത് പുന്നക്കുന്ന് നെടുംപൊയ്ക മേലേതില്‍ മോനായി എന്ന് വിളിക്കുന്ന ജസ്റ്റിന്‍ ഡാനിയേല്‍(24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മണക്കാല വെള്ളകുളങ്ങര കനാല്‍ റോഡിലൂടെ പൊലീസ് പട്രോളിങ് സംഘം കടന്നുപോകുമ്പോഴാണ് ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ ഹീറോഹോണ്ട സ്പ്ലെന്‍ഡര്‍ ബൈക്കുമായി വിഷ്ണുവിനെ കണ്ടത്. വാഹനത്തില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു.
വിശദമായി പരിശോധിച്ചപ്പോള്‍ അഴിച്ചു വച്ച നമ്പര്‍ പ്ലേറ്റ് കണ്ടു. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോള്‍ വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി. പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയതായിരുന്നു ബൈക്ക്.

വിഷ്ണുവിനെ ചോദ്യം ചെയ്തപ്പോള്‍ ജസ്റ്റിനൊപ്പം ചേര്‍ന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. വിഷ്ണു പിടിയിലായ വിവരമറിഞ്ഞ് മുങ്ങിയ ജസ്റ്റിനെ പൊലീസ് തന്ത്രപരമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ മാസം ആദ്യം മോഷണ ശ്രമവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ അടൂര്‍ പോലീസ് ജസ്റ്റിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ഇയാള്‍ വീണ്ടും പിടിയിലാകുന്നത്. എറണാകുളത്ത് നിന്നും ഒന്നിലധികം വാഹനങ്ങള്‍ ഇവര്‍ മോഷ്ടിച്ചുവെന്ന് സംശയിക്കുന്നു. പ്രതികളില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

കഴിഞ്ഞ വര്‍ഷം അടൂര്‍ മൂന്നാളത്ത് നിന്നും വീടിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന രണ്ടു മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിച്ച കേസില്‍ പിടികൂടിയിരുന്നു. ജസ്റ്റിന്‍ അടിപിടി, വാഹന മോഷണം എന്നീ കേസുകളില്‍ പ്രതിയാണ്. വിഷ്ണു മൊബൈല്‍ ഫോണ്‍, മോട്ടോര്‍ സൈക്കിള്‍ മോഷണ കേസുകളില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍, എസ്.ഐ എം മനീഷ്, സി പി ഓമാരായ സൂരജ്, ശ്യാം കുമാര്‍, ശരത് പിള്ള എന്നിവരാണുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …