തിരുവനന്തപുരം : വന്‍തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാല്‍ ജീവനൊടുക്കിയ യുവ ഡോക്ടര്‍ ഡോ.എ.ജെ.ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലെ പ്രതിയുടെ പേരും പങ്കും ആദ്യം ദിവസം മറച്ചുവച്ച പൊലീസ്, ഇന്നലെ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നിലപാടു മാറ്റി. സുഹൃത്തും മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിയുമായ ഡോ. ഇ.എ.റുവൈസ് (28) ആവശ്യപ്പെട്ടത്ര സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നു ഷഹ്നയുടെ കുറിപ്പിലുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റുവൈസിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
ഷഹ്നയുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം ആദ്യ ദിവസം തന്നെ റുവൈസിനെതിരെ പൊലീസിനു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാമായിരുന്നു. എന്നാല്‍, അസ്വാഭാവിക മരണത്തിനു മാത്രമാണ് മെഡിക്കല്‍ കോളജ് പൊലീസ് തിങ്കളാഴ്ച കേസെടുത്തത്. കുറിപ്പില്‍ സ്ത്രീധന പ്രശ്‌നത്തെക്കുറിച്ചു പരാമര്‍ശമോ ആര്‍ക്കെങ്കിലുമെതിരെ ആരോപണമോ ഇല്ലെന്നായിരുന്നു പൊലീസ് വാദം.
റുവൈസുമായുള്ള സഹോദരിയുടെ അടുപ്പത്തെക്കുറിച്ചും സ്ത്രീധനം ആവശ്യപ്പെട്ടതിനെക്കുറിച്ചും ഷഹ്നയുടെ സഹോദരന്‍ ഡോ.ജാസിം നാസ് മൊഴി നല്‍കിയിരുന്നു. ഇതും പൊലീസ് പരിഗണിച്ചില്ല. ചൊവ്വാഴ്ച ഷഹ്നയുടെ മാതാവ് ജലീല ബീവി, സഹോദരി സറീന എന്നിവരില്‍നിന്നു മൊഴിയെടുത്ത ശേഷമാണ് റുവൈസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയത്. വെഞ്ഞാറമൂട് മൈത്രി നഗര്‍ നാസ് മന്‍സിലില്‍ പരേതനായ അബ്ദുല്‍ അസീസിന്റെയും ജലീല ബീവിയുടെയും മകള്‍ ഡോ.ഷഹ്നയെ (26) തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജിനു സമീപത്തെ ഫ്‌ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.