കുസാറ്റില്‍ ഗാനമേളയ്ക്കിടെ തിരക്കില്‍ പെട്ട് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

18 second read

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. 72 പേര്‍ക്ക് പരുക്കേറ്റു. രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമേശരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.മരിച്ച 3 വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത,കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി,കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ് എന്നിവരെയാണു തിരിച്ചറിഞ്ഞത്. മരിച്ച മൂന്നു പേരും രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്.പരുക്കേറ്റ 46 പേര്‍ കളമശേരി മെഡിക്കല്‍ ആശുപത്രിയിലും 18 പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടു പേരു നില അതീവഗുരുതരമാണ്.

ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ദുരന്തം. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കില്‍പ്പെട്ട് പടിക്കെട്ടില്‍ വീണ വിദ്യാര്‍ഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.

ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്, പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയാണ് സംഘടിപ്പിച്ചിരുന്നത്. പരിപാടി നടന്ന ഓഡിറ്റോറിയത്തില്‍ നിരവധി വിദ്യാര്‍ഥിളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാര്‍ഥികളടക്കമുള്ളവര്‍ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്യുകയും നിരവധി ആളുകള്‍ കൂട്ടമായി ഇവിടേയ്ക്ക് എത്തുകയും ചെയ്തു.തിരക്കില്‍ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റത്.

ക്യാംപസിനുള്ളിലുള്ള മറ്റു വിദ്യാര്‍ഥികളെ പൊലീസിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കുന്നുണ്ട്. മന്ത്രിമാരായ പി.രാജീവും ആര്‍.ബിന്ദുവും സംഭവസ്ഥലത്തേയ്ക്കു തിരിച്ചു.ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …