പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയതിനു പിന്നില്‍ പോലീസിന്റെ ക്രൂരതയെന്ന് മാതാപിതാക്കളുടെ ആരോപണം

20 second read

പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയതിനു പിന്നില്‍ പോലീസിന്റെ ക്രൂരതയെന്ന് മാതാപിതാക്കളുടെ ആരോപണം. ചിറ്റാര്‍ വയ്യാറ്റുപുഴ പുത്തന്‍വീട്ടില്‍ അജിത്കുമാര്‍-സിനി ദമ്പതികളുടെ മകന്‍ വിഷ്ണു (17)വാണ് കഴിഞ്ഞ മാസം 20നു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയത്.

പോലീസ് സ്റ്റേഷനില്‍ വിഷ്ണുവിനെയും മാതാവിനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലുള്ള മാനസിക ബുദ്ധിമുട്ടുകളാണ് മകന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അജിത് കുമാറും സിനിയും പത്രസമ്മേളനത്തില്‍ ആരോപിച്ചു. ചെറുമകന്‍ ജീവനൊടുക്കിയ മനോവിഷമത്തില്‍ സിനിയുടെ പിതാവ് പി.ടി. വര്‍ഗീസ് (62) അന്നു രാത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഒരു ദിവസം മകന്റെയും പിതാവിന്റെയും വിയോഗം താങ്ങേണ്ടി വന്നതിന്റെ മനോവ്യഥയിലാണ് താനിപ്പോഴെന്ന് സിനി പറഞ്ഞു. വിഷ്ണുവിന് സഹപാഠിയായ വിദ്യാര്‍ഥിനിയുമായി സൗഹൃദമുണ്ടായതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് പോലീസ് സ്റ്റേഷനില്‍ ഇവരെ എത്തിച്ചത്. പെണ്‍കുട്ടിയുടെ വീടിനു സമീപത്തു വിഷ്ണുവിനെ കണ്ടുവെന്ന പേരില്‍ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടു പോവുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെന്ന പരിഗണന പോലും നല്‍കാതെ പോലീസ് സ്റ്റേഷനില്‍ വിഷ്ണുവിനെ മാനസികമായി ബുദ്ധിമുട്ടിക്കുകയും അസഭ്യം പറയുകയും കുടുംബത്തെ അപമാനിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുകയും ചെയ്തതായി മാതാവ് പറഞ്ഞു. പോലീസ് സ്റ്റേഷനിലേക്ക് തന്നെ വിളിച്ചുവരുത്തി അപമാനിക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഇന്‍സ്പെക്ടറും മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തന്നെയും മകനെയും സ്റ്റേഷനില്‍ അപമാനിച്ചത്. ഈ സംഭവത്തിനുശേഷം മകന്‍ ഏറെ മനോദുഃഖത്തിലായെന്നും പിറ്റേന്ന് സ്‌കൂളില്‍ പോകാന്‍ മടി കാട്ടിയെന്നും സിനി പറഞ്ഞു. വീട്ടില്‍ തനിച്ചായിരുന്ന വിഷ്ണു ജീവനൊടുക്കിയ വിവരം വൈകുന്നേരം താനും മകളും വീട്ടില്‍ എത്തിയപ്പോഴാണ് അറിയുന്നത്.

19 ന് വീടിന് സമീപം എത്തണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണു രണ്ട് കൂട്ടുകാരോടൊപ്പം സ്‌കൂട്ടറില്‍ പകല്‍ അവിടെയെത്തിയത്. ഈസമയം പെണ്‍കുട്ടിയുടെ പിതാവ് എത്തി വിഷ്ണുവിനെ ബലമായി പിടിച്ച് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിഷ്ണുവിനെ പരസ്യമായി ആക്ഷേപിക്കുകയും പോക്സോ കേസില്‍ ജയിലില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേന്നു രാവിലെയും വിഷ്ണുവിനെ ആരോ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്. കള്ളക്കേസില്‍ കുടുക്കുമെന്ന ഭയവുമുണ്ടായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോലീസ് പ്രേരിപ്പിച്ചതായും മാതാവ് സിനി പറഞ്ഞു. സംഭവത്തേ തുടര്‍ന്ന് തങ്ങളുടെ താമസസ്ഥലത്തെത്തിയ പോലീസ് സംഘം വിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുപോയി. തുടരന്വേഷണങ്ങള്‍ നടത്തിയതുമില്ല.

കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോന്നി ഡിവൈ.എസ്.പിയെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.

വിഷ്ണുവിന്റെ മാതാപിതാക്കളുടെ ആരോപണം പോലീസ് നിഷേധിച്ചു. വിഷ്ണുവിനെ പെണ്‍കുട്ടിയുടെ പിതാവ് വീട്ടിലെ മുറിയില്‍ നിന്നാണ് പിടികൂടിയത്. ഇതിന് പിന്നാലെ അയാള്‍ തന്നെ വിഷ്ണുവിന്റെ പിതാവിനെ വിളിച്ചു കാര്യം പറഞ്ഞു. വളരെ മോശമായ പ്രതികരണം അജിത്തിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോള്‍ വിഷ്ണുവിനെയും കൂട്ടി പെണ്‍കുട്ടിയുടെ പിതാവ് കാറില്‍ ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. പൊലീസ് നിരവധി തവണ വിളിച്ചെങ്കിലും വിഷ്ണുവിന്റെ പിതാവ് സ്റ്റേഷനിലേക്ക് വരാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ മാതാവ് സിനിയെ വിളിച്ചു. അവര്‍ സ്റ്റേഷനില്‍ വന്നപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവോ പൊലീസോ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് വിഷ്ണു മാതാവിനോട് പറഞ്ഞു. തുടര്‍ന്ന് മാതാവ് തന്നെ വിഷ്ണുവിന്റെ ഫോണ്‍ വാങ്ങി സിം കാര്‍ഡ് അവിടെ വച്ച് തന്നെ ഒടിച്ചു കളഞ്ഞുവെന്ന് ചിറ്റാര്‍ ഇന്‍സ്പെക്ടര്‍ ബിനു പറഞ്ഞു.

വിവാഹത്തിനുള്ള പ്രായം നിനക്കായിട്ടില്ലെന്ന് താന്‍ വിഷ്ണുവിനെ ഉപദേശിച്ചു. നന്നായി പഠിക്കാനും പറഞ്ഞാണ് മാതാവിനൊപ്പം അയച്ചത്. അങ്കിള്‍ പറയുന്നതു പോലെ താനിനി പഠിക്കും എന്ന് പറഞ്ഞാണ് വിഷ്ണു പോയതെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു. വിഷ്ണുവും പെണ്‍കുട്ടിയുമായി ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പ്രണയമുണ്ട്. മുന്‍പും ഇതു പോലെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് വിഷ്ണുവിനെ പിടികൂടുകയും താക്കീത് നല്‍കി വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ ഒരു കാരണം കൊണ്ട് മാത്രമാണ് പെണ്‍കുട്ടിയെ തിരുവല്ലയിലുള്ള സ്‌കൂളിലേക്ക് മാറ്റിയത്. പുജയുടെ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് പെണ്‍കുട്ടി വിഷ്ണുവിനെ വീണ്ടും വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.

സ്റ്റേഷനില്‍ വച്ച് വിഷ്ണുവും മാതാവും പെണ്‍കുട്ടിയുടെ പിതാവുമായി സംസാരിച്ച കാര്യങ്ങള്‍ മുഴുവന്‍ സിസിടിവിയിലുണ്ട്. സൗണ്ട് റെക്കോഡിങ് സൗകര്യമുള്ളതാകയാല്‍ അവിടെ പറഞ്ഞ കാര്യങ്ങള്‍ കാണാനും കേള്‍ക്കാനും കഴിയും. പൊലീസ് ഇക്കാര്യത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. വിഷ്ണുവിന്റെ മാതാവ് ആരോപിക്കുന്നതു പോലെ അസഭ്യം വിളിക്കുകയോ ഹരാസ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു. സംഭവ ദിവസം രാത്രി പിതാവ് അജിത്ത് വിഷ്ണുവിനെ മര്‍ദിച്ചുവെന്നാണ് കരുതുന്നത്. ഇതാകണം കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. വിഷ്ണുവിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ എടുത്തിട്ടുണ്ട്. ഇത് സത്യം തെളിയിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്‍സ്പെക്ടര്‍ അറിയിച്ചു.

 

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …