കൊളംബോ: അവസാന പന്തും അവസാന ശ്വാസവും വരെ പോരാടിയ ശ്രീലങ്കയ്ക്ക് പാക്കിസ്ഥാനെതിരെ നിര്‍ണായകമായ ഏഷ്യ കപ്പ് മത്സരത്തില്‍ ആവേശജയം. സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 2 വിക്കറ്റ് ജയവുമായി ലങ്ക ഫൈനലില്‍ കടന്നു. സ്‌കോര്‍: പാക്കിസ്ഥാന്‍- 42 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 257. ശ്രീലങ്ക-42 ഓവറില്‍ 8ന് 252. മഴ മൂലം മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ നേരിടും. ആര്‍.പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നിനാണ് മത്സരം.
അവസാന ഓവറുകളില്‍ പാക്ക് പേസര്‍മാരുടെ തീപ്പന്തുകളെ ചെറുത്തുനിന്നാണ് ലങ്കയുടെ ജയം. കുശാല്‍ മെന്‍ഡിസിന്റെ ഉജ്വല ഇന്നിങ്‌സില്‍ (91) ലങ്ക അനായാസം ജയത്തിലേക്കു മുന്നേറുന്നതിനിടെയാണ് പാക്ക് ബോളര്‍മാര്‍ കളി തിരിച്ചത്. 36-ാം ഓവറിലെ ആദ്യ പന്തില്‍ മെന്‍ഡിസിനെയും 37-ാം ഓവറില്‍ ദാസുന്‍ ശനകയെയും (2) ഓഫ് സ്പിന്നര്‍ ഇഫ്തിഖര്‍ പുറത്താക്കിയതോടെ ലങ്ക പതറി. തുടര്‍ന്ന് പാക്ക് പേസര്‍മാരുടെ ഊഴം. 41-ാം ഓവറിന്റെ അവസാന രണ്ടു പന്തുകളില്‍ ധനഞ്ജയ ഡിസില്‍വയെയും (5) ദുനിത് വെല്ലാലഗെയെയും (0) പുറത്താക്കി ഷഹീന്‍ ഷാ അഫ്രീദിയുടെ ഇരട്ടപ്രഹരം. അവസാന ഓവറില്‍ 2 വിക്കറ്റ് ശേഷിക്കെ ലങ്കയ്ക്കു ജയിക്കാന്‍ 8 റണ്‍സ്. 4-ാം പന്തില്‍ പ്രമോദ് മധുഷന്‍ (1) റണ്ണൗട്ടായി. അടുത്ത പന്തില്‍ ചരിത് അസലങ്കയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത് പന്ത് തേഡ്മാനിലൂടെ ഫോര്‍. അവസാന പന്ത് ആത്മവിശ്വാസത്തോടെ ഫ്‌ലിക് ചെയ്ത അസലങ്ക വിജയത്തിനു വേണ്ട 2 റണ്‍സ് നേടിയെടുത്തു. അസലങ്ക 49 റണ്‍സുമായി പുറത്താകാതെ നിന്നു. സദീര സമരവിക്രമ 48 റണ്‍സെടുത്തു.
നേരത്തേ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന് 6-ാം വിക്കറ്റില്‍ മുഹമ്മദ് റിസ്വാനും (86 നോട്ടൗട്ട്) ഇഫ്തിഖര്‍ അഹമ്മദും (47) ചേര്‍ന്നു പടുത്തുയര്‍ത്തിയ 108 റണ്‍സ് കൂട്ടുകെട്ടാണ് തുണയായത്. ഫഖര്‍ സമാന്‍ (4) പെട്ടെന്നു പുറത്തായെങ്കിലും സഹഓപ്പണര്‍ അബ്ദുല്ല ഷഫീഖും (52) ക്യാപ്റ്റന്‍ ബാബര്‍ അസമും (29) പാക്കിസ്ഥാന് മികച്ച അടിത്തറ നല്‍കി.