തിരുവനന്തപുരം: പൂവച്ചല്‍ പുളിങ്കോട് പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖര്‍ കാറിടിച്ചു മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നു പൊലീസ് കോടതിയില്‍. റിമാന്‍ഡിലുള്ള പ്രതി പ്രിയരഞ്ജനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ആദിശേഖറിനോടു മുന്‍വൈരാഗ്യമുള്ള പ്രിയരഞ്ജന്‍ കൊല്ലണമെന്നു കരുതി കാത്തുനിന്നു കുട്ടിയെ ലക്ഷ്യം വച്ച് വണ്ടി ഇടിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 15 വയസ്സു മാത്രമുള്ള കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
30നാണ് ആദിശേഖര്‍ മരിച്ചത്. പ്രതിയെ തിങ്കളാഴ്ച തമിഴ്‌നാട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് രണ്ടാം ദിവസം വിദേശത്തുനിന്ന് നാട്ടിലെത്തിയ ഭാര്യയ്‌ക്കൊപ്പം ആദ്യം മൈസൂരുവിലും പിന്നീട് തമിഴ്‌നാട്ടിലുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ അരുമന, ദേവിയോട് പ്രദേശങ്ങളിലായിരുന്നു താമസം. ഇതിനിടെ അഭിഭാഷകനെ കണ്ടു. കുഴിത്തുറ സ്വദേശിയാണ് പ്രിയരഞ്ജനു പിടിയിലാകും വരെ ഒളിച്ച് താമസിക്കാനുള്ള അവസരം ഒരുക്കിയത് എന്നും പൊലീസ് അറിയിച്ചു.
കാട്ടാക്കട ഡിവൈഎസ്പി എന്‍.ഷിബു, ഇന്‍സ്‌പെക്ടര്‍ ഡി.ഷിബുകുമാര്‍, എസ്.ഐമാരായ വി.എസ്. ശ്രീനാഥ്, സി.രമേശന്‍, എഎസ്‌ഐമാരായ സന്തോഷ്,ആര്‍.സുനില്‍ കുമാര്‍, ജെ.പി.ലാല്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രതീഷ്, സജിത്, ലിയോ രാജ്, ശ്രീജിത്, മണികണ്ഠന്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്. പ്രിയരഞ്ജന്‍ ഓടിച്ച ഇലക്ട്രിക് കാറില്‍ വീണ്ടും ഫൊറന്‍സിക് പരിശോധന നടത്തി.അപകടം നടന്ന സ്ഥലത്ത് നിന്നുള്ള കൂടുതല്‍ തെളിവുകളും ശേഖരിച്ചു. സയന്റിഫിക് ഓഫിസര്‍ ആന്‍ഷിയുടെ നേതൃത്വത്തിലായിരുന്നു ഫൊറന്‍സിക് പരിശോധന.