റിയാദ് :റുപേ കാര്‍ഡിന്റെ സ്വീകാര്യത ഉള്‍പ്പെടെ, പേയ്മെന്റ് സംവിധാനങ്ങളുടെ കാര്യത്തില്‍ പരസ്പര സഹകരണത്തിനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ധാരണയായി. സൗദിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെയും ഹജ്, ഉംറ തീര്‍ഥാടകരെയും ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കം.
നാഷനല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നടത്തുന്ന ഇന്ത്യയിലെ ഒരു ആഭ്യന്തര പേയ്മെന്റ് സംവിധാനമാണ് റുപേ (RuPAY) കാര്‍ഡ്. പേയ്മെന്റുകള്‍ നടത്തുന്നതിനുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ മാര്‍ഗമാണിത്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വ്യാപാരികള്‍ ഇത് ഉപയോഗിക്കുന്നുണ്ട്.
സൗദിയില്‍ റുപേ കാര്‍ഡ് സ്വീകരിച്ചുതുടങ്ങുന്നതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും പണമിടപാടുകള്‍ എളുപ്പമാകും. തീര്‍ഥാടകര്‍ക്ക് താമസസ്ഥലത്തും മറ്റും ചെറിയ തുകകള്‍ നല്‍കേണ്ടിവരും. അത്തരം സാഹചര്യങ്ങളില്‍ റുപേ കാര്‍ഡ് സഹായമാകും.