സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ച് എസ്‌ഐ; അര മണിക്കൂറിനകം സ്ഥലംമാറ്റം

0 second read

തിരൂര്‍ (മലപ്പുറം) : പൊലീസ് സ്റ്റേഷനില്‍ വച്ച് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയും തെറിവിളിക്കുകയും ചെയ്ത് എസ്‌ഐക്ക് അര മണിക്കൂറിനുള്ളില്‍ സ്ഥലംമാറ്റം.

തിരൂര്‍ സ്റ്റേഷനിലെ പ്രബേഷന്‍ എസ്‌ഐ കെ.വി.വിപിനെയാണ് അന്വേഷണ വിധേയമായി എആര്‍ ക്യാംപിലേക്കു സ്ഥലംമാറ്റിയത്.വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയെയാണ് ഇയാള്‍ അടിച്ചത്. ഇന്നലെ ഉച്ചയോടെ തിരൂര്‍ സ്റ്റേഷനിലാണു സംഭവം.
നൗഷാദ് നെല്ലാഞ്ചേരിയുടെ വാര്‍ഡിലെ മത്സ്യത്തൊഴിലാളിയോട് ഒരു കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ 10നു സ്റ്റേഷനില്‍ ഹാജരാകാന്‍ വിപിന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ക്കു ജോലി കാരണം എത്താന്‍ സാധിക്കില്ലെന്നും മറ്റൊരു സമയം നല്‍കണമെന്നും നൗഷാദ് എസ്‌ഐ വിപിനെ വിളിച്ചു പറഞ്ഞു.

ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്ന് എസ്‌ഐ നൗഷാദിനോടു പറയുകയും ഇതേച്ചൊല്ലി ഫോണിലൂടെ ഇരുവരും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതോടെ നൗഷാദ് വെട്ടം പഞ്ചായത്തിന്റെ വാഹനത്തില്‍ സ്റ്റേഷനിലെത്തി. ഇവിടെ വച്ചും ഇരുവരും വാക്കുതര്‍ക്കമുണ്ടായി.

ഇതിനിടെ പൊടുന്നനെ എസ്‌ഐ മുഖത്തടിക്കുകയായിരുന്നു എന്നാണ് നൗഷാദ് നെല്ലാഞ്ചേരി പറയുന്നത്. പിന്നീട് കോളറില്‍ പിടിച്ചും നെഞ്ചില്‍ തള്ളിയും സ്റ്റേഷന്റെ പുറത്തെത്തിക്കുകയും സ്റ്റേഷനില്‍നിന്നു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഷന്‍ വളപ്പില്‍നിന്നു പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം പുറത്തേക്കു കൊണ്ടുപോകാനും ആവശ്യപ്പെട്ടു.

വിവരമറിഞ്ഞതോടെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ.ജയനും തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ യു.സൈനുദ്ദീനും സ്ഥലത്തെത്തി. ഇവരോടും വിപിന്‍ കയര്‍ത്തു സംസാരിക്കുകയും തെറിവിളിക്കുകയും ചെയ്തു.

ഈ സമയത്താണ് സ്റ്റേഷനിലേക്ക് ഇന്‍സ്‌പെക്ടര്‍ എം.ജെ.ജിജോ കടന്നുവന്നത്. ഇതോടെ ഇന്‍സ്‌പെക്ടറോടൊപ്പം ഓഫിസിനകത്തു കയറിയ സിപിഎം നേതാക്കള്‍ വാതിലടച്ചു കുറ്റിയിട്ട് അകത്തിരുന്നു. എസ്‌ഐക്കെതിരെ ഉടന്‍ നടപടി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

പ്രതിഷേധം ഉയര്‍ന്നതോടെ വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഇ.ജയനെ നേരില്‍ വിളിച്ചെന്നാണു വിവരം.

എസ്‌ഐക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന ഉറപ്പും നേതാക്കള്‍ക്കു ലഭിച്ചു. ഇതോടെ നേതാക്കള്‍ ഇന്‍സ്‌പെക്ടറുടെ മുറിയില്‍നിന്ന് പുറത്തിറങ്ങി പോകുകയും ചെയ്തു.

ഇതുകഴിഞ്ഞ് അര മണിക്കൂറിനുള്ളില്‍ എസ്‌ഐക്കെതിരെ നടപടിയെടുത്തതായുള്ള വിവരവും പുറത്തുവന്നു. 6 മാസം മുന്‍പാണ് വിപിന്‍ പ്രബേഷന്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ തിരൂര്‍ സ്റ്റേഷനില്‍ എത്തിയത്.

അതേസമയം കൂടുതല്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സിപിഎം നേതാക്കള്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…