ലോഡര്‍ഹില്‍ (ഫ്‌ലോറിഡ): ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ വെസ്റ്റിന്‍ഡീസിനെ 178 റണ്‍സില്‍ ഒതുക്കി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്. ഇന്ത്യയ്ക്ക് 179 റണ്‍സ് വിജയലക്ഷ്യം. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയതാണ് സ്‌കോര്‍ 200 കടക്കുന്നതില്‍നിന്നു വിന്‍ഡീസിനെ തടഞ്ഞത്. അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റും കുല്‍ദീപ് യാദവ് രണ്ടും അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചെഹല്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മികച്ച തുടക്കമാണ് വെസ്റ്റന്‍ഡീസിനു ലഭിച്ചത്. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഒരു സിക്‌സും ഫോറും സഹിതം 14 റണ്‍സാണ് വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. രണ്ടാം ഓവറില്‍ ഓപ്പണര്‍ കൈല്‍ മയേഴ്സിനെ (7 പന്തില്‍ 17) വീഴ്ത്തി അര്‍ഷ്ദീപ് സിങ്ങാണ് വിക്കറ്റ് വേട്ടയ്ക്ക് തുക്കമിട്ടത്. പിന്നാലെ എത്തിയ ഷായ് ഹോപ് (29 പന്തില്‍ 45) തിളങ്ങി. രണ്ടു സിക്‌സും മൂന്നു ഫോറുമാണ് ഹോപ്പിന്റെ ബാറ്റില്‍നിന്നു പിറന്നത്. രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്ങും ഹോപ്പും ചേര്‍ന്ന് 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആറാം ഓവറില്‍ കിങ്ങിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ് തന്നെയാണ് വിന്‍ഡീസിനു വീണ്ടും പ്രഹരമേല്‍പ്പിച്ചത്.