ഭര്‍ത്താവിനെ അടൂരില്‍ വച്ചു കണ്ടെന്ന് കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞു: അവര്‍ ചോദ്യം ചെയ്തപ്പോള്‍ കൊന്നു കുഴിച്ചു മൂടിയെന്ന് കുറ്റസമ്മതം: മൊഴിയുടെ അടിസ്ഥാനത്തില്‍ അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തി: നൗഷാദിന്റെ മൃതദേഹം കണ്ടെത്താനായില്ല

19 second read

പത്തനംതിട്ട: യുവാവിനെ കൊന്നു കുഴിച്ചു മൂടിയെന്ന ഭാര്യയുടെ വെളിപ്പെടുത്തലില്‍ പൊലീസ് വട്ടം ചുറ്റുന്നു. പത്തനാപുരം പാടം സ്വദേശി നൗഷാദിനെ അടൂര്‍ പരുത്തിപ്പാറയിലെ വാടക വീട്ടിന് സമീപം കൊന്നു കുഴിച്ചിട്ടെന്ന ഭാര്യ നൂറനാട് സ്വദേശി അഫ്സാനയുടെ വെളിപ്പെടുത്തലാണ് പൊലീസിനെ കുഴപ്പിക്കുന്നത്. മൂന്നു ദിവസമായി അഫ്സാന കൂടല്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. നൗഷാദിനെ കാണാനില്ലെന്ന് കാട്ടി ബന്ധുവാണ് 2021 നവംബറില്‍ കൂടല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതനുസരിച്ച് അവിടെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നു വരുന്നു. അഫ്സാനയുമൊന്നിച്ച് പരുത്തിപ്പാറ പാലമുറ്റത്ത് വീട്ടില്‍ ബിജുവിന്റെ വീട്ടിലാണ് നൗഷാദ് വാടകയ്ക്ക് താമസിച്ചിരുന്നത്.

മൂന്നു ദിവസം മുന്‍പ് അഫ്സാന കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച അഫ്സാന ഭര്‍ത്താവ് അടൂരില്‍ കൂടി നടന്നു പോകുന്നത് കണ്ടുവെന്ന് അറിയിച്ചു. ഇതോടെ പൊലീസിന് സംശയമായി. ഒന്നരവര്‍ഷത്തിലധികമായി കാണാനില്ലാത്ത ഭര്‍ത്താവിനെ കണ്ടിട്ട് ഭാര്യ എന്തു കൊണ്ട് വിളിച്ചു വീട്ടിലേക്ക് കൊണ്ടു പോയില്ല എന്നായിരുന്നു അവരുടെ സംശയം. തുടര്‍ന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞു. അപ്പോഴാണ് നൗഷാദിനെ താന്‍ കൊലപ്പെടുത്തിയെന്നും കുഴിച്ചു മൂടിയെന്നും പറയുന്നത്. മൃതദേഹം പുഴയിലൊഴുക്കി, സമീപത്തെ പള്ളിയുടെ സെമിത്തേരിയില്‍ മറവു ചെയ്തു, വേസ്റ്റ് കുഴിയില്‍ ഇട്ടു എന്നിങ്ങനെ പരസ്പര വിരുദ്ധമായിട്ടാണ് ഇവര്‍ മൊഴി കൊടുത്തത്. ഇതോടെ ഇവര്‍ക്ക് മാനസിക പ്രശ്നമുള്ളതായും പൊലീസ് സംശയിച്ചു.

വ്യാഴാഴ്ച രാവിലെ കോന്നി ഡിവൈ.എസ്പി. ടി. രാജപ്പന്റെ നേതൃത്വത്തില്‍ അഫ്സാനയെ കൂടുതല്‍ ചോദ്യം ചെയ്യുകയും മൃതദേഹം മറവു ചെയ്തുവെന്ന് പറയുന്ന സ്ഥലത്തേക്ക് തെളിവെടുപ്പിന് കൊണ്ടു വരികയും ചെയ്തു. ഇവര്‍ പറഞ്ഞ പ്രകാരം പള്ളി സെമിത്തേരിയില്‍ മൃതദേഹം മറവു ചെയ്യുന്നതിനുള്ള സാധ്യത പൊലീസ് പൂര്‍ണമായും തള്ളി. തുടര്‍ന്ന് സെപ്ടിക് ടാങ്ക് തുറന്ന് പരിശോധിച്ചു. പിന്നീട് അഫ്സാന ചൂണ്ടിക്കാണിച്ച സ്ഥലങ്ങളും വീടിനുള്ളിലെ അടുക്കളഭാഗം ഉള്‍പ്പെടെ രണ്ടു മുറികളും കുഴിച്ചു നോക്കി. ഇവിടെ നിന്നൊന്നും ലഭിച്ചിട്ടില്ല. അഫ്സാന പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന സംശയവും നിലനില്‍ക്കുന്നു. മൃതദേഹം കിട്ടാത്ത സാഹചര്യത്തില്‍ കൊലക്കുറ്റം അഫ്സാനയില്‍ നിലനില്‍ക്കില്ല. ഇനി കൊലപാതകം നടത്തിയെങ്കില്‍ തന്നെ മൃതദേഹം ഇവര്‍ക്ക് ഒറ്റയ്ക്ക് മറവു ചെയ്യാനും സാധിക്കില്ല. സഹായികള്‍ ഉണ്ടായിരിക്കാമെന്നും പൊലീസ് കരുതുന്നു.

മൂന്നു മാസമാണ് ഇവര്‍ ഒരുമിച്ച് ഈ വീട്ടില്‍ താമസിച്ചതെന്ന് പറയുന്നു. നൗഷാദ് മദ്യപാനിയും അഫ്സാനയെ മര്‍ദിക്കുന്നയാളുമായിരുന്നുവെന്നാണ് മൊഴി. മീന്‍ കച്ചവടവും ഡ്രൈവിങ്ങുമായിരുന്നു തൊഴില്‍. നൗഷാദ് കൊല്ലപ്പെട്ടിരിക്കാമെന്ന് തന്നെയാണ് പൊലീസ് വിശ്വസിക്കുന്നത്. അതനുസരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.

 

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …