ബെംഗളൂരു: യുവതിയുടെ ലൈംഗികാരോപണ പരാതിയില്‍ ബെംഗളൂരുവില്‍ റാപ്പിഡോ ബൈക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് ഓടിക്കുന്നതിനിടെ ഇയാള്‍ സ്വയംഭോഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ആതിര പുരുഷോത്തമന്‍ എന്ന യുവതിയാണ് പരാതി നല്‍കിയത്. മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരു ടൗണ്‍ ഹാളില്‍ പോയി വീട്ടിലേക്ക് തിരിച്ചു വരവേ വെള്ളിയാഴ്ചയാണ് സംഭവമെന്ന് ആതിര ട്വീറ്റ് ചെയ്തു. വാട്‌സാപ്പ് സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ആതിര താന്‍ നേരിട്ട അതിക്രമം ട്വിറ്ററില്‍ പങ്കുവച്ചു.
‘റാപ്പിഡ് ഓട്ടോയില്‍ വീട്ടിലേക്കു പോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓട്ടോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബൈക്ക് ബുക്ക് ചെയ്തത്. ഞാന്‍ ബുക്ക് ചെയ്ത ബൈക്കുമായല്ല അയാള്‍ എത്തിയത്. റാപ്പിഡോ ആപ്പില്‍ ബുക്ക് ചെയ്ത ബൈക്ക് സര്‍വീസിനു കൊടുത്തിരിക്കുകയാണെന്നും അതിനാലാണ് മറ്റൊരു ബൈക്കുമായി വന്നതെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് അയാളുടെ ആപ്പിലൂടെ ബുക്കിങ് ശരിവച്ചതിനു ശേഷം ബൈക്കില്‍ കയറി.’
”കുറച്ച് സമയത്തിനു ശേഷം ആളില്ലാത്ത ഒരു ഇടവഴിയിലേക്കു ബൈക്ക് കയറി. സമീപത്ത് വാഹനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡ്രൈവര്‍ ഒറ്റക്കൈ കൊണ്ട് വാഹനമോടിക്കുകയും മറ്റൊരു കൈ കൊണ്ട് സ്വയംഭോഗത്തിലേര്‍പ്പെടുകയും ചെയ്തു. ഞാന്‍ ആകെ ഭയന്നുപോയി. എന്റെ സുരക്ഷ നോക്കി ആ സമയം ഞാന്‍ ഒന്നും പറഞ്ഞില്ല.’
‘എന്റെ വീടിരിക്കുന്ന സ്ഥലം അയാള്‍ക്ക് മനസ്സിലാകാതിരിക്കാന്‍ യഥാര്‍ഥത്തില്‍ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തുനിന്ന് 200 മീറ്റര്‍ അകലെയാണ് ഞാന്‍ ഇറങ്ങിയത്. എന്നാല്‍ പിന്നീട് അയാള്‍ എനിക്ക് വാട്‌സാപ്പില്‍ മെസേജ് അയയ്ക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് അയാളുടെ നമ്പര്‍ ഞാന്‍ ബ്ലോക്ക് ചെയ്തു’- ആതിര ട്വീറ്റ് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് യുവതി റാപ്പിഡോയില്‍ പരാതി ഉന്നയിക്കുകയും അവരുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ഇയാള്‍ ഇപ്പോഴും വിവധ നമ്പറുകളില്‍നിന്ന് വിളിച്ച് ശല്യപ്പെടുത്തുകയാണെന്നും യുവതി ട്വീറ്റ് ചെയ്തു.