ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി കുഞ്ഞൂഞ്ഞിന്റെ അവസാനയാത്ര

18 second read

തിരുവനന്തപുരം: തിരുനക്കരയില്‍ ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ഉമ്മന്‍ചാണ്ടി തന്റെ സ്വന്തം പുതിപ്പള്ളിയിലേക്കുള്ള അവസാനയാത്ര ആരംഭിച്ചു. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കാണാന്‍ പുതുപ്പള്ളി കാത്തിരിക്കുകയാണ്. 1970 മുതല്‍ തുടര്‍ച്ചയായി 53 വര്‍ഷം (12 തവണ) പുതുപ്പള്ളി എംഎല്‍എയായിരുന്നു ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തും. സംസ്‌കാര ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും പങ്കെടുക്കും. സംസ്‌കാരം ശുശ്രൂഷകള്‍ രാത്രി ഏഴരയോടെ പുതുപ്പള്ളി പള്ളിയില്‍.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.കുടുംബവീട്ടിലും നിര്‍മാണത്തിലുള്ള വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും.

പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്.മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടേക്ക് എത്തി. തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് യാത്ര തിരുനക്കരയില്‍ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ലക്ഷക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ ജനലക്ഷങ്ങളാണ് തടിച്ചുകൂടിയത്. ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറി.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. അര്‍ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്നത്. അര്‍ധരാത്രിയിലും പുലര്‍ച്ചെയും ആള്‍ക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര എത്തുമ്പോള്‍ പുലര്‍ച്ചെ രണ്ട് മണിയോടടുത്തു. കുട്ടികളുള്‍പ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്. ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നുള്ള ഇറക്കം. വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാന്‍ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയില്‍ കടന്നപ്പോള്‍ നിലമേലില്‍ വന്‍ജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയില്‍ ചൊവ്വാഴ്ച മുതല്‍ സര്‍വമത പ്രാര്‍ഥനയുമായി കാത്തിരുന്ന നാട്ടുകാര്‍ വിലാപയാത്രയെത്തിയപ്പോള്‍ വാഹനം പൊതിഞ്ഞു. പൂഴിവാരിയിട്ടാല്‍ നിലത്തുവീഴാത്തത്ര തിരക്ക്. പത്തനംതിട്ട ജില്ലയില്‍ കടന്നത് രാത്രി ഒന്‍പതോടെ. 11.30ന് അടൂരിലും പുലര്‍ച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോള്‍ വാഹനങ്ങള്‍ക്കു നീങ്ങാന്‍ കഴിയാത്ത വിധം ആള്‍ക്കൂട്ടം. ആലപ്പുഴ ജില്ലയിലെ കുളനടയിലെത്തിയപ്പോള്‍ സമയം രണ്ടര. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ അവസാനമായൊന്നു കാണാന്‍ ആളുകള്‍ തിരക്കുകൂട്ടി. തിരുവല്ലയില്‍ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി. നഗരം അപ്പാടെ സ്തംഭിപ്പിച്ച ജനാവലി. കോട്ടയം ജില്ലയിലേക്കു കടന്നപ്പോള്‍ ജനസമുദ്രം.

 

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ ഒമാനില്‍ നിന്നും ടിവിയില്‍ കാണുന്ന ഒഐസിസി ഭാരവാഹികളും മറ്റു പ്രവര്‍ത്തകരും

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…