ജയ്പുര്‍: എതിരാളികള്‍ ആര്‍സിബി ആണെങ്കില്‍ ആര്‍ആറിന് അതത്ര നല്ല രാശിയല്ല! ക്രിക്കറ്റില്‍ ഇങ്ങനെ പല വിശ്വാസങ്ങളും പറച്ചിലുകളുമുണ്ടെങ്കിലും മേല്‍ പറഞ്ഞതിന് കണക്കുകളുടെ പിന്‍ബലം കൂടിയുണ്ട്. ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തുന്നതിനായി ജീവന്‍മരണ പോരാട്ടത്തിനിറങ്ങിയ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാന്‍ റോയല്‍സ്, സ്വന്തം കാണികള്‍ക്കു മുന്നില്‍ ദയനീയമായി തോല്‍ക്കുന്നതിനാണ് ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എതിരാളികളാകട്ടെ, വിരാട് കോലി ഉള്‍പ്പെടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും.
ഇതാദ്യമായല്ല, രാജസ്ഥാന്‍ റോയല്‍സിന് ആര്‍സിബിക്കു മുന്നില്‍ അടിതെറ്റുന്നത്. ഇതിനു മുന്‍പ് 28 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 14 മത്സരങ്ങളിലും ജയം ബാംഗ്ലൂരിനൊപ്പമായിരുന്നു. 12 തവണ രാജസ്ഥാന്‍ വിജയിച്ചപ്പോള്‍ രണ്ടു മത്സരങ്ങളില്‍ ഫലമില്ല. 2020 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ആറു മത്സരങ്ങളില്‍ നാലിലും വിജയിച്ചത് ബാംഗ്ലൂരാണ്. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോഴും ജയം ബാംഗ്ലൂരിനൊപ്പമായിരുന്നു. ഇതിനു മുന്‍പും നാണക്കേടിന്റെ പല റെക്കോര്‍ഡുകളും രാജസ്ഥാന്‍ വഴങ്ങിയത് ബാംഗ്ലൂരിനെതിരെയാണ്.