കൊലപാതകം :പ്രതി തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് വന്നതായി സൂചന

0 second read

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ട് കൊന്നെന്ന കേസിലെ പ്രതി ഡിവൈ.എസ്.പി. ബി. ഹരികുമാര്‍ തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് വന്നതായി സൂചന. തമിഴ്നാട്ടിലും കര്‍ണാടകയിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഹരികുമാര്‍ കീഴടങ്ങുന്നതിന്റെ മുന്നോടിയായാണ് തിരിച്ചെത്തിയത്.

ഹരികുമാര്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ കീഴടങ്ങിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തയ്യാറാകുന്നത്. ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്, മരിച്ച സനല്‍കുമാറിന്റെ ഭാര്യ വിജി ചൊവാഴ്ച മുതല്‍ ഉപവസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹരികുമാറിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഹരികുമാറിന്റെ സഹോദരന്‍ മാധവന്‍ പിള്ളയെ പോലീസ് കസ്റ്റഡിയിലെടുക്കും. ഇതിനു മുന്നോടിയായി ഇയാള്‍ക്ക് നോട്ടീസ് നല്‍കാന്‍ അന്വേഷണസംഘം തീരുമാനിച്ചു.

ഹരികുമാറിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘത്തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ണാടകയിലെത്തിയപ്പോള്‍ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു. അന്വേഷണസംഘം അവിടെയെത്തിയപ്പോള്‍ കേരളത്തിലേക്ക് കടന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്ത സതീഷ്‌കുമാര്‍, ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണ എന്നിവരെ കോടതി റിമാന്‍ഡ്‌ചെയ്തു. കൊലയ്ക്കുശേഷം ഹരികുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് സതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുനിന്ന് തൃപ്പരപ്പ് വരെയെത്താന്‍ ഉപയോഗിച്ച കാര്‍ തിരികെ കൊണ്ടുവന്നതിനാണ് ബിനുവിന്റെ മകന്‍ അനൂപിനെ അറസ്റ്റ് ചെയ്തത്.

തൃപ്പരപ്പില്‍നിന്ന് അനൂപിന്റെ ബന്ധുവിന്റെ കാറിലാണ് ഹരികുമാറും ബിനുവും രക്ഷപ്പെട്ടത്. സതീഷിന്റെ ഡ്രൈവറാണ് ഇവരുടെ കാര്‍ ഓടിക്കുന്നത്. തൃപ്പരപ്പില്‍നിന്ന് ഇവരെടുത്ത സിം കാര്‍ഡ് ഉപേക്ഷിച്ചതായാണ് വിവരം. തമിഴ്നാട്ടില്‍ ബന്ധങ്ങളുള്ള ഇവര്‍ക്ക് മറ്റാരുടെയോ സഹായത്തോടെ പുതിയ സിം കാര്‍ഡ് ലഭിച്ചെന്നാണ് പോലീസ് സംശയിക്കുന്നത്. താമസത്തിനും യാത്രയ്ക്കുമുള്ള പണവും ഇവര്‍ക്ക് പലരും നല്‍കുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…