ഒട്ടേറെ പേരുടെ ജീവന്റെ തുള്ളിയാണ് ആ ബുക്കില്‍.. രക്തം നല്‍കുന്നവരുടെ വിവരം അടങ്ങിയ ബുക്ക് കവര്‍ന്നു

0 second read

അടൂര്‍: നൂറു കണക്കിന് ആളുകള്‍ക്ക് സഹായമേകിയിരുന്ന അടൂരിലെ കൂട്ടുകാരന്റെ കടയില്‍ നിന്നും രക്തം നല്‍കുന്നവരുടെ വിവരം അടങ്ങിയ ബുക്ക് കവര്‍ന്നു. ആരും കേട്ടാലും ചെയ്തത് ഒട്ടും ശരിയായില്ല എന്ന വാക്ക് പറഞ്ഞു പോകും. കാരണം ആയിരക്കണക്കിന് ആളുകള്‍ക്ക് ഉപകരിച്ചിരുന്ന നൂറുകണക്കിന് ആളുകള്‍ രക്തദാനത്തിനായി സന്നദ്ധത അറിയിച്ചു കൊണ്ട് രേഖപ്പെടുത്തിയ വിവരങ്ങള്‍ അടങ്ങിയ ബുക്കാണ് ആരോ കവര്‍ന്നത്. ബുക്ക് കവര്‍ന്നവര്‍ക്ക് അതുകൊണ്ട് എന്തു നേടാനാണ് എന്ന ഒറ്റ ചോദ്യം മാത്രമേ കൂട്ടുകാരന്‍ എന്ന കടയുടെ ഉടമ വി.വിനീതിന് ചോദിക്കാനുള്ളു. ഒരു വര്‍ഷം മുമ്പാണ് വിനീത് എന്ന ചെറുപ്പക്കാരന്‍ തന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ കൂട്ടുകാരന്റെ കട എന്ന പേരില്‍ ഒരു ജ്യൂസ് കട അടൂരില്‍ തുടങ്ങുന്നത്. അതിനോടൊപ്പം രക്തദാനത്തിന്റെ ആവശ്യകതയും രക്തം വേണ്ടവര്‍ക്ക് അത് സംഘടിപ്പിച്ചു നല്‍കുകയും ചെയ്യുന്ന ഒരു സൗജന്യ രക്ത ദാന മാതൃകാ സംവിധാനവും കൂടി കടയില്‍ ഉള്‍പ്പെടുത്തി.

കടയില്‍ എത്തുന്നവര്‍ തങ്ങളുടെ രക്ത ഗ്രൂപ്പും പേരും ഫോണ്‍ നമ്പരും കടയില്‍ വച്ചിരിക്കുന്ന ബുക്കില്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് ആളുകള്‍ രക്ത ആവശ്യത്തിനായി എത്തുമ്പോള്‍ വിനീത് അവരെ ഫോണില്‍ ബന്ധപ്പെടും. ഇതായിരുന്നു സംവിധാനം. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിക്കുന്ന പോസ്റ്ററുകളും കടയില്‍ പതിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പതിനായിരത്തോളം പേരാണ് വിനീതിന്റെ കടയിലെ ബുക്കില്‍ രക്തദാനത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലെ ഒരു ബുക്കാണ് കടയില്‍ എത്തിയവരില്‍ ആരോ കവര്‍ന്നതായി വിനീത് പറയുന്നത്.

24 മണിക്കൂറും സൗജന്യമായി രക്തം വേണ്ടവര്‍ക്ക് ഏതു സമയത്തും വിനീതിനെ വിളിക്കാവുന്ന സംവിധാനമാണുള്ളത്. രാജ്യത്ത് തന്നെ ലഭിക്കാന്‍ ഏറ്റവും പ്രയാസമുള്ള രക്ത ഗ്രൂപ്പിന്റെ വിവരങ്ങള്‍ വരെ വിനീതിന്റെ പക്കലുണ്ട്. കൂടാതെ രക്തം ദാനം ചെയ്ത് കടയില്‍ എത്തുന്നവര്‍ക്ക് ഒരു ജ്യൂസ് സൗജ്യമായി നല്‍കുകയും ചെയ്യുന്നുണ്ട് വിനീത് എന്ന പ്രത്യേകതയുമുണ്ട്. അടൂര്‍ കെ.പി റോഡില്‍ നിന്നും ബൈപ്പാസിലെ മുന്‍സിപ്പല്‍ സ്റ്റാന്റിലേക്ക് തിരിയുന്ന ഭാഗത്താണ് കൂട്ടുകാരന്റെ കട പ്രവര്‍ത്തിക്കുന്നത്. എന്തായാലും ബുക്ക് എടുത്തവര്‍ അത് നശിപ്പിക്കരുതേ എന്ന അപേക്ഷയാണ് വിനീതിനുള്ളത്. കാരണം ഒട്ടേറെ പേരുടെ ജീവന്റെ തുള്ളിയാണ് ആ ബുക്കിലെ ഒരോ പേജിലുമുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം
.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…