മണിമലയാറ്റിലെ മോക്ഡ്രില്‍ ദുരന്ത ഏകോപന വീഴ്ച ജില്ലാ ഭരണകൂടത്തിന്റേത്; ജില്ലാ കലക്ടര്‍ കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യ; പ്രതികരിക്കാനോ സമരം നടത്താനോ കഴിയാതെ പത്തനംതിട്ടയിലെ കോണ്‍ഗ്രസ്

16 second read

പത്തനംതിട്ട: മണിമലയാറ്റില്‍ മോക്ഡ്രില്ലിനിടെ തുരുത്തിക്കാട് സ്വദേശി ബിനു സോമന്‍ (34) മരിച്ചത് ജില്ലാ ഭരണ കൂടത്തിന്റെ വീഴ്ചയെന്ന് വ്യക്തമായിട്ടും രൂക്ഷമായി പ്രതികരിക്കാനോ സമരം ചെയ്യാനോ കഴിയാതെ കോണ്‍ഗ്രസ്, യുഡിഎഫ് ജില്ലാ നേതൃത്വങ്ങള്‍ വെട്ടിലായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.എസ്. ശബരിനാഥന്റെ ഭാര്യ ഡോ. ദിവ്യ എസ്. അയ്യരാണ് ജില്ലാ കലക്ടര്‍. ഇക്കാരണം കൊണ്ട് തന്നെ വാ വിട്ട് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജില്ലയിലെ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍. ഇനി പ്രതികരിച്ചവരാകട്ടെ സംസ്ഥാന സര്‍ക്കാരിനെയും റവന്യൂ വകുപ്പിനെയും കുറ്റപ്പെടുത്തുകയാണ് ചെയ്തത്.

ബിനുവിന്റെ ദുരന്തത്തില്‍ ഗുരുതരമായ വീഴ്ചയാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് വ്യക്തമായി കഴിഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ജില്ലാ കലക്ടര്‍ക്കാണ് ദുരന്തത്തിന്റെ ഉത്തരവാദിത്തം. മോക്ഡ്രില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടിയിരുന്നത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരുന്നു. ചെയര്‍മാനായ കലക്ടര്‍ കഴിഞ്ഞാല്‍ അടുത്ത ഉത്തരവാദി അതോറിറ്റിയുടെ ഡെപ്യൂട്ടി കലക്ടര്‍ ആയിട്ടുള്ള ടി.ജി ഗോപകുമാറാണ്. ഇവര്‍ ആരും തന്നെ മോക്ഡ്രില്‍ ഗൗരവമായി കണ്ടില്ല എന്നാണ് കരുതേണ്ടത്.

ദുരന്ത നിവാരണ അതോറിറ്റി വന്‍ ദുരന്തമായി മാറുന്ന കാഴ്ചയാണ് മണിമലയാറ്റില്‍ കണ്ടത്. പ്രതിസന്ധി ഘട്ടം എങ്ങനെ നേരിടാമെന്ന് കാണിക്കുന്നതിനായിട്ടാണ് മോക്ഡ്രില്‍ നടത്തിയത്. പക്ഷേ, ആ പ്രതിസന്ധി യാഥാര്‍ഥ്യമായതോടെ എന്തു ചെയ്യണമെന്നറിയായെ ഉദ്യോഗസ്ഥര്‍ പകച്ചു പോയി. ഇങ്ങനൊരു ദുരന്തം മോക്ഡ്രില്ലില്‍ ഉണ്ടാകുമെന്ന് അതോറിറ്റി കരുതിയില്ല. അതു കൊണ്ട് തന്നെ മുന്നൊരുക്കവും രക്ഷാപ്രവര്‍ത്തന മാര്‍ഗങ്ങളും പരിമിതമായിരുന്നു. ഒരു യഥാര്‍ഥ ദുരന്തം ഉണ്ടാകുമ്പോള്‍ നേരിടേണ്ടത് എങ്ങനെയോ അങ്ങനെ വേണം മോക്ഡ്രില്ലിന് അടിസ്ഥാന സൗകര്യമൊരുക്കാന്‍. ഇവിടെ അതുണ്ടാകാതിരുന്നത് ജില്ലാ കലക്ടര്‍ അടക്കമുള്ളവരുടെ വീഴ്ചയാണ്.

സര്‍ക്കാരിനെ അടിക്കാന്‍ ഇത്രയും നല്ല വടി കിട്ടിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് ജി. കാര്‍ത്തികേയന്റെ മരുമകളും കെ.എസ്. ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ക്കെതിരേ പടയ്ക്കൊരുങ്ങിയാല്‍ അത് പാളയത്തിലെ പടയ്ക്ക് കാരണമാകും. ഇതു കാരണം കരുതലോടെയാണ് നേതാക്കള്‍ പ്രതികരിക്കുന്നത്. സിപിഎമ്മിന്റെ നേതാക്കളോട് വിട്ടു വീഴ്ച ചെയ്താണ് കലക്ടര്‍ സ്ഥാനത്ത് ദിവ്യ തുടരുന്നത്. സിപിഎമ്മി ജില്ലാ നേതാക്കളുടെ അഭിപ്രായം മാനിച്ചാണ് ഭരണം. അതുകാരണം അവരുടെ ഭാഗത്ത് നിന്ന് ശല്യമൊന്നുമില്ല. ഈ അവസ്ഥയില്‍ കോണ്‍ഗ്രസ് ദിവ്യയ്ക്ക് എതിരേ ഇറങ്ങിയാല്‍ അത് തങ്ങളുടെ പാര്‍ട്ടിയിലെ നേതാവിനോട് കാണിക്കുന്ന അനീതിയാകും. ഇതാണ് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് നാലിന് മല്ലപ്പള്ളി താലൂക്ക്ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചു പറമ്പില്‍ പറഞ്ഞു. ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതിനെ കുറിച്ച് പിന്നീട് ആലോചിക്കും. ഇപ്പോള്‍ സംഭവം നടന്ന താലൂക്ക് ഓഫീസിന് മുന്നില്‍ മാത്രമാകും സമരമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന യു.ഡിഎഫ് നേതാക്കളായ ആന്റോ ആന്റണി എംപിയും ജോസഫ് എം പുതുശേരിയും വളരെ സൂക്ഷ്മതയോടെയാണ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളത്.

മല്ലപ്പള്ളിയില്‍ മോക്ഡ്രില്ലിനിടെ യുവാവ് മരണപ്പെട്ട സംഭവം ദുരന്തനിവാരണ സംവിധാനത്തിന്റെ പരാജയംകൊണ്ടാണെന്ന് ആന്റോ ആന്റണി എം.പി. ദുരന്ത നിവാരണം പോലെയുള്ള സുപ്രധാന സംവിധാനങ്ങളില്‍ പോലും യാതൊരു പരിശീലനവുമില്ലാത്ത ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സര്‍ക്കാര്‍ നിലപാടാണ് അപകടത്തിന് കാരണമായത്. രക്ഷാ പ്രവര്‍ത്തകരുടെ മുന്നില്‍ 15 മിനിട്ടിലധികം സമയം യുവാവ് ചെളിയില്‍ പുതഞ്ഞ് കിടന്നു. തൊട്ടടുത്ത് തന്നെ രക്ഷാ ബോട്ടും ഉണ്ടായിരുന്നെങ്കിലും ബിനുവിനെ രക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്തിയില്ലെന്നും അവസാനം നാട്ടുകാരാണ് അപകടത്തില്‍ പെട്ട ആളെ പുറത്തെടുത്തതെന്നും ആന്റോ ആന്റണി എം പി കുറ്റപ്പെടുത്തി. മാധ്യമ വാര്‍ത്തകള്‍ ഒഴിവാക്കുന്നതിനായി അധികൃതര്‍ ബിനു സോമന്റെ മരണവിവരം മറച്ചു വച്ചതാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

മണിമലയാറ്റില്‍ നടന്ന മോക് ഡ്രില്ലിനിടയില്‍ ബിനു സോമന്റെ മരണത്തിലേക്ക് നയിച്ച സംഭവം ബന്ധപ്പെട്ട സംവിധാനത്തിന്റെ ദയനീയ വീഴ്ചയാണ് വെളിവാക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശേരി.
ഒട്ടേറെ ഡിപ്പാര്‍ട്ട്മെന്റുകള്‍ പങ്കാളികളായിരുന്നുവെങ്കിലും യാതൊരു ഏകോപനവും ഉണ്ടായിരുന്നില്ല. എല്ലാ സജ്ജീകരണങ്ങളും ഒരുക്കി നിര്‍ത്തിയ ശേഷമാണ് നടപടി തുടങ്ങേണ്ടത്. ഒരാള്‍ മുങ്ങിപ്പോയി എന്നറിഞ്ഞ ശേഷമാണ് ബോട്ടും മോട്ടോറുമൊക്കെ വെള്ളത്തില്‍ ഇറക്കി തെരച്ചിലിനു തുനിയുന്നത്. ഈ കാലതാമസം രക്ഷാപ്രവര്‍ത്തനം നടത്തേണ്ട നിര്‍ണായക സമയമാണ് നഷ്ടപ്പെടുത്തിയത്. അപകടം നടന്ന ഇതേസമയം ദേശീയ ദുരന്ത
നിവാരണ സേന ഇതിനു താഴെ മറ്റൊരു പരിശീലനം നടത്തുകയായിരുന്നു. ഇതും ഏകോപനം ഇല്ലായ്മയാണ് വെളിപ്പെടുത്തുന്നത്. വെള്ളത്തില്‍ അകപ്പെടുന്നവരായി നാട്ടുകാരെ വെറുതെ വിളിച്ചിറക്കുകയാണ് ഉണ്ടായത്. അവര്‍ ഇതിന് അനുയോജ്യരാണോ എന്ന ആവശ്യമായ വിലയിരുത്തലോ അവര്‍ക്ക് വേണ്ട പരിശീലനമോ ഒന്നും നല്‍കിയിരുന്നില്ല. സ്ഥലം തെരഞ്ഞെടുക്കുന്നതില്‍ പോലും വീഴ്ച സംഭവിച്ചു. ആദ്യം നിശ്ചയിച്ച സ്ഥലം മാറ്റി എന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ തികഞ്ഞ ലാഘവത്തോടെ ഏകോപനം ഇല്ലാതെ നടത്തിയതു കൊണ്ടാണ് രക്ഷാദൗത്യത്തിനു പകരം ഇത് ക്ഷണിച്ചുവരുത്തിയ ദുരന്തമായി മാറിയത്. ജനങ്ങളില്‍ ആത്മവിശ്വാസവും സുരക്ഷിത ബോധവും വളര്‍ത്താനും അനിവാര്യമായ ആപല്‍ ഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ മാതൃക പ്രദര്‍ശിപ്പിക്കാനുമായി നടത്തുന്ന മോക്ക് ഡ്രില്‍ ഫലത്തില്‍ വിപരീതഫലം ഉണ്ടാക്കുകയും ഒരാളുടെ വിലപ്പെട്ട ജീവന്‍ അപഹരിക്കുന്ന ദുരന്ത പര്യവസായിയായി മാറുകയും ചെയ്തു. വീഴ്ചകള്‍ വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്നും മരണപ്പെട്ട ബിനു സോമന്റെ ആശ്രിതര്‍ക്ക് പരമാവധി സഹായം ലഭ്യമാക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.
വസ്തുത ഇതായിട്ടും ഡിപ്പാര്‍ട്ട്മെന്റിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവന തികച്ചും നിരുത്തരവാദപരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. വെള്ളത്തില്‍ അകപ്പെടുന്നവരായി വിളിച്ചു ഇറക്കിയ നാട്ടുകാര്‍ തന്നെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എന്നിട്ടും മന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത് ഈ വീഴ്ചകള്‍ മറച്ചുവെച്ച് ആരെയൊക്കെയോ വെള്ളപൂശാനുള്ള വ്യഗ്രത കൊണ്ടാണെന്നും പുതുശേരി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …