ബഫര്‍സോണ്‍ സമരം: ആലോചനാ യോഗം പൂര്‍ത്തിയാകുന്നതിന് മുന്‍പ് സ്ഥലം വിട്ടു: ആന്റോ ആന്റണി എംപിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി കിഴക്കന്‍ മലയോരമേഖലയില്‍ നിന്നുള്ള നേതാക്കള്‍

17 second read

പത്തനംതിട്ട: ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കുന്നത് ആലോചിക്കാന്‍ ഡി.സി.സിയില്‍ ചേര്‍ന്ന യോഗത്തില്‍ വനാതിര്‍ത്തി മേഖലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം. ബഫര്‍ സോണുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ലമെന്റ് അംഗം ആന്റോ ആന്റണിക്ക് എതിരേയാണ് കിഴക്കന്‍ മലയോര മേഖലയിലെ മണ്ഡലം പ്രസിഡന്റുമാര്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്.

ആറിന് ചിറ്റാറില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ സദസിനെ കുറിച്ച് ആലോചിക്കാനാണ് ഡി.സി.സി യോഗം വിളിച്ചത്. യോഗത്തിന്റെ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന എം.പി മറ്റൊരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങി വരാം എന്ന് അറിയിച്ച് പുറത്തേക്ക് പോയെങ്കിലും തിരികെ എത്തിയതുമില്ല. ഇതോടെ ബഫര്‍ സോണ്‍ ചര്‍ച്ചയുടെ ഗതി തന്നെ മാറി. ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, വെച്ചൂച്ചിറ തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. മലയോര മേഖലയിലെ കര്‍ഷകരെ സംരക്ഷിക്കേണ്ട എം.പി ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുക ഇനിയും ലഭിച്ചിട്ടില്ലെന്നും മണ്ഡലം പ്രസിഡന്റുമാര്‍ കടക്കെണിയില്‍ ആണെന്നും യോഗത്തില്‍ ചിലര്‍ പറഞ്ഞു. പാര്‍ട്ടി അടിക്കടി പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിര്‍ദശിക്കുമ്പോള്‍ ഇനിയും പണം കണ്ടെത്തുക പ്രയാസമാണെന്നും ഇവര്‍ തുറന്നടിച്ചു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, ഡി.സി.സി ഭാരവാഹികളായ ടി.കെ.സാജു, എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതി പ്രസാദ്, സുനില്‍ എസ്. ലാല്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. തങ്ങളുടെ പ്രതിഷേധം കെ.പി.സി.സി നേതൃത്വത്തെ അറിയിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത മലയോര നേതാക്കള്‍ ആവശ്യപ്പെട്ടു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …