ടെഹ്‌റാന്‍: രാജ്യത്തെ പ്രക്ഷോഭത്തെപ്പറ്റി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് പ്രശസ്ത ഇറാന്‍ നടി തരാന അലിദോസ്തിയെ (38) അറസ്റ്റ് ചെയ്തു. ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ച ദ് സെയില്‍സ്മാനിലെ നായികയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വധശിക്ഷ നല്‍കിയ മൊഹ്‌സെന്‍ ഷെക്കാരിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് അറസ്റ്റ്.
എബൗട്ട് എല്ലി, ദ് ബ്യൂട്ടിഫുള്‍ സിറ്റി തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രശസ്തയായ തരാന ഇന്‍സ്റ്റഗ്രാമില്‍ പ്രതിഷേധക്കാരെ അനുകൂലിച്ച് 3 പോസ്റ്റുകള്‍ ഇട്ടിരുന്നു. 80 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന തരാനയുടെ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
സെപ്റ്റംബര്‍ 16ന് കുര്‍ദ് വംശജ മഹ്‌സ അമിനി മതപ്പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ആദ്യം അറസ്റ്റിലായ ആളാണ് ഷെക്കാരി. ഗതാഗതം തടസ്സപ്പെടുത്തിയെന്നും സുരക്ഷാജീവനക്കാരനെ ആക്രമിച്ചെന്നുമുള്ള കുറ്റം ചുമത്തി ടെഹ്‌റാനിലെ റവല്യൂഷനറി കോടതി വിചാരണ നടത്തുകയും നവംബര്‍ 20നു വധശിക്ഷ വിധിക്കുകയുമായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധത്തെ പിന്തുണച്ചതിന് അറസ്റ്റിലായ ഇറാനിയന്‍ നടിമാരായ ഹെന്‍ഗമേഹ് ഗാസിയാനി, കതയോന്‍ റിയാഹി, ഇറാന്‍ ഫുട്‌ബോള്‍ ടീം അംഗം വോറിയ ഗഫൗരി എന്നിവരെ പിന്നീടു വിട്ടയച്ചിരുന്നു.