കഠ്മണ്ഡു: ലോകത്തെ വിറപ്പിച്ച കുപ്രസിദ്ധ ‘സീരിയല്‍ കില്ലര്‍’ ചാള്‍സ് ശോഭരാജിന് ഒടുവില്‍ ജയില്‍ മോചനം. നേപ്പാളിന്റെ തലസ്ഥാനമായ കഠ്മണ്ഡുവില്‍ 1975 ല്‍ സന്ദര്‍ശനത്തിനെത്തിയ 2 അമേരിക്കന്‍ ടൂറിസ്റ്റുകളെ വധിച്ച കേസില്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ശോഭരാജിനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
പ്രായാധിക്യവും മനുഷ്യാവകാശവും പരിഗണിച്ച് കുറ്റവാളിയെ മോചിപ്പിക്കുകയാണെന്നും 15 ദിവസത്തിനകം അദ്ദേഹത്തിന് പൗരത്വമുള്ള ഫ്രാന്‍സിലേക്ക് നാടുകടത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇന്ത്യയിലും നേപ്പാളിലുമായി ശോഭരാജ് 40 വര്‍ഷത്തോളം തടവറയിലായിരുന്നു.
2003 സെപ്റ്റംബറിലാണ് നേപ്പാളിലെ കാസിനോയില്‍ നിന്ന് ശോഭരാജ് അറസ്റ്റിലായത്.’ബികിനി കില്ലര്‍’ എന്ന പേരിലറിയപ്പെട്ട ശോഭരാജ് (78) ആള്‍മാറാട്ടത്തിലും കുപ്രസിദ്ധനാണ്. ഡല്‍ഹിയില്‍ വിദേശ വിനോദ സഞ്ചാരിയെ ലഹരിമരുന്നു നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശോഭരാജ് 1976 മുതല്‍ 21 വര്‍ഷം ഇന്ത്യയില്‍ തിഹാര്‍ ജയിലില്‍ തടവിലായിരുന്നു. 1986 ല്‍ ജയില്‍ ചാടിയെങ്കിലും ഗോവയില്‍ പിടിയിലായി.
1997 ല്‍ മോചനത്തിനുശേഷം ഫ്രാന്‍സിലേക്കു നാടുകടത്തി. നാട്ടിലും മോഷണ പരമ്പരയുമായി നടന്ന ശോഭരാജ് വീണ്ടും കഠ്മണ്ഡുവിലെത്തിയപ്പോള്‍ പിടിയിലായതോടെയാണ് കൊടുംക്രിമിനലിന്റെ സാഹസിക ജീവിതത്തിന് വിരാമമായത്. ഫ്രഞ്ച് പൗരനായ ശോഭരാജിന്റെ പിതാവ് ഇന്ത്യക്കാരനും മാതാവ് വിയറ്റ്നാംകാരിയുമാണ്.