തദ്ദേശ തെരഞ്ഞെടുപ്പില്‍ വൈറല്‍ ആയ സ്ഥാനാര്‍ഥി വിബിത ബാബുവിനെതിരേ തട്ടിപ്പ് കേസ്

17 second read

തിരുവല്ല: കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബുവിനെതിരേ തട്ടിപ്പ് കേസില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കോട്ടയം കടുത്തുരുത്തി പൂഴിക്കോല്‍ ജീസസ് ഭവനില്‍ മാത്യു സി. സെബാസ്റ്റിയ (75)ന്റെ പരാതിയിലെടുത്ത വിശ്വാസ വഞ്ചനാ കേസില്‍ വിബിത ഒന്നാം പ്രതിയും പിതാവ് ബാബു തോമസ് രണ്ടാം പ്രതിയുമാണ്.

തട്ടിപ്പ് കേസില്‍ തനിക്കെതിരേ എഫ്ഐആര്‍ വീണുവെന്ന് അറിഞ്ഞതിന് പിന്നാലെ വിബിത നല്‍കിയ പരാതിയില്‍ അമേരിക്കന്‍ മലയാളിക്കെതിരേയും പോലീസ് കേസെടുത്തു. ഈ കേസും അഭിഭാഷകയ്ക്ക് തിരിച്ചടിയ്ക്കാനാണ് സാധ്യത.

രണ്ടു വര്‍ഷത്തിനിടെ പല തവണയായി വിബിത, ബാബു തോമസ്, വിബിതയുടെ സുഹൃത്ത് എന്നിവരുടെ അക്കൗണ്ടിലേക്ക് 14,16,294 രൂപയാണ് മാത്യു നല്‍കിയത്. പണം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ വക്കീല്‍ നോട്ടീസ് അയച്ചു. പണം ഞങ്ങള്‍ തരികില്ലെന്നും പറ്റുമെങ്കില്‍ വാങ്ങിച്ചെടുത്തോ എന്നായിരുന്നു വിബിതയുടെ മറുപടിയെന്നും മാത്യുവിന്റെ പരാതിയിലുണ്ട്. തുടര്‍ന്ന് തിരുവല്ല പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

വിബിത തന്റെ സുഹൃത്ത് വഴിയാണ് യു.എസ്.എയില്‍ താമസിക്കുന്ന മാത്യുവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് തന്റെ വസ്തു സംബന്ധമായ കേസുമായി ബന്ധപ്പെട്ട് 2020 ജൂലൈ 19 കഴിഞ്ഞ ജനുവരി ഏഴിനുമിടയില്‍ മണി ട്രാന്‍സ്ഫര്‍ വഴി 8,78,117 രൂപയും 2021 മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 15 വരെ 1,41,985 രൂപയും തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെന്ന പേരില്‍ പിതാവ് ബാബുവിന്റെ അക്കൗണ്ടിലേക്ക് 2020 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെ 2,91,984 രൂപയും 2020 നവംബര്‍ 10 ന് വിബിതയുടെ നിര്‍ദേശാനുസരണം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് 1,04,208 രൂപയും അടക്കം 14,16,294 രൂപയും നല്‍കിയെന്ന് എഫ്ഐആറില്‍ പറയുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം പണം തിരികെ നല്‍കാമെന്നായിരുന്നു വാഗ്ദാനം. പാലിക്കാതെ വന്നപ്പോള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു.
നിലവില്‍ വിബിത മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറിയാണ്. മാത്യുവിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് വിബിത പറയുന്നു. കുറച്ചു പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി തന്നതാണ്. ശേഷിച്ചത് തന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്തതാണ്. തന്റെ സുഹൃത്ത് മുഖേനെ പണം കൈമാറിയെന്ന് പരാതിയിലുണ്ട്. എന്നാല്‍ ആ സുഹൃത്തിനെ കേസില്‍ പ്രതിയാക്കിയിട്ടില്ല. അയാള്‍ കൂടി ചേര്‍ന്ന് ഒരുക്കിയ കള്ളപ്പരാതിയാണിതെന്നാണ് വിബിത മാധ്യമങ്ങളോട് പ്രതികരിച്ചത്.

മല്ലപ്പളളി ഡിവിഷനില്‍ വിബിതയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ വ്യാപക പ്രതിഷേധം അന്നുണ്ടായിരുന്നു. കെട്ടിയിറക്ക് സ്ഥാനാര്‍ഥിയാണ് എന്നായിരുന്നു പരാതി. പ്രചാരണം തുടങ്ങിയതോടെ വിബിത സോഷ്യല്‍ മീഡിയയിലും ദൃശ്യമാധ്യമങ്ങളിലും താരമായി. കേരളമെങ്ങും അറിയപ്പെടുന്ന സെലിബ്രിറ്റിയായി മാറിയെങ്കിലും ഫലം വന്നപ്പോള്‍ തോറ്റു. അതിന് ശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതും മഹിളാ കോണ്‍ഗ്രസ് ഭാരവാഹിത്വം ലഭിച്ചതും. ഇപ്പോള്‍ സ്വന്തം ഓഫീസിട്ടാണ് വിബിത പ്രാക്ടീസ് ചെയ്യുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …