തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ച കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണിത്.
ഒളിവില്‍പോയ ഡിവൈ.എസ്.പി ഹരികുമാര്‍ സംസ്ഥാനം വിട്ടതായുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനും പോലീസ് നടപടിയെടുക്കുന്നുണ്ട്. പുതിയ നീക്കത്തോടെ കേസ് ഉന്നതതല അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന സനലിന്റെ കുടുംബത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.
നേരത്തെ എസ്പി കേസ് അന്വേഷിക്കുന്നത് ശരിയായ രീതിയിലല്ലെന്ന വിമര്‍ശമുയര്‍ന്നിരുന്നു. ലോക്കല്‍ പോലീസ് കേസ് അന്വേഷിക്കുന്നതില്‍ വലിയ അപാകമുണ്ടെന്ന് റൂറല്‍ എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആരെന്ന് വ്യാഴാഴ്ച തീരുമാനിക്കും.
സനലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് നെയ്യാറ്റിന്‍കര കൊടങ്ങാവിള സ്വദേശിയായ സനല്‍ ഡിവൈഎസ്പി ബി. ഹരികുമാര്‍ പിടിച്ചുതള്ളിയതിനേത്തുടര്‍ന്ന് കാറിടിച്ച് മരിച്ചത്.