ലുസെയ്ല്‍: ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പ്രതിഭാസ്പര്‍ശം സമ്മാനിച്ച 2 ഗോളുകള്‍. തുടരെ രണ്ടാം ജയത്തോടെ ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇടംനേടാന്‍ പോര്‍ച്ചുഗലിന് അതു മതിയായിരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയ യുറഗ്വായെ 2-0നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും കീഴടക്കിയത്. 54-ാം മിനിറ്റില്‍ മനോഹരമായൊരു ചിപ് ഷോട്ടിലൂടെയും ഇന്‍ജറി ടൈമില്‍ (90+3) പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചുമായിരുന്നു ബ്രൂണോയുടെ ഗോളുകള്‍.
രണ്ടു മത്സരങ്ങളില്‍ നിന്നു 6 പോയിന്റുമായി ഗ്രൂപ്പ് എച്ചില്‍ ഒന്നാമതാണ് പോര്‍ച്ചുഗല്‍. 3 പോയിന്റുമായി ഘാന രണ്ടാമതും ഒരു പോയിന്റുള്ള ദക്ഷിണ കൊറിയ മൂന്നാമതുമാണ്. യുറഗ്വായ് ഒരു പോയിന്റോടെ അവസാന സ്ഥാനത്താണ്. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കൂടുതല്‍ ഒത്തിണക്കത്തോടെ ഭാവനാപൂര്‍ണമായ നീക്കങ്ങള്‍ക്കു തുടക്കമിട്ടതാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോളില്‍ കലാശിച്ചത്. ഇടതുവിങ്ങിലൂടെ തുടങ്ങിയ നീക്കത്തിനൊടുവില്‍ റാഫേല്‍ ഗുരേരോയുടെ പാസ് സ്വീകരിച്ച് ബോക്‌സിനകത്തേക്ക് ബ്രൂണോ ഫെര്‍ണാണ്ടസ് കോരിയിട്ട ഷോട്ടിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുതിച്ചുയര്‍ന്നു. സൂപ്പര്‍താരത്തിന്റെ തലയില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പന്ത് യുറഗ്വായ് ഗോള്‍കീപ്പര്‍ സെര്‍ജിയോ അല്‍വാരസിനെയും മറികടന്ന് വലയിലെത്തി. ഈ ഗോള്‍ ആദ്യം ക്രിസ്റ്റ്യാനോയുടെ പേരിലാണ് ക്രെഡിറ്റ് ചെയ്ത്. പിന്നീട് പരിശോധനയില്‍ ക്രിസ്റ്റ്യാനോ പന്തില്‍ തൊട്ടില്ലെന്നു വ്യക്തമായതോടെ ഗോള്‍ ബ്രൂണോയ്ക്കു സ്വന്തമായി (1-0).
കളിയുടെ തീരാറായ ഘട്ടത്തില്‍, പെനല്‍റ്റി ബോക്‌സിനകത്ത് വച്ച് പന്ത് യുറഗ്വായ് ഡിഫന്‍ഡര്‍ ഹോസെ മരിയ ഹിമിനസിന്റെ കയ്യില്‍ത്തട്ടിയ തിനെത്തുടര്‍ന്ന് വിഎആര്‍ പരിശോധനയിലാണ് പോര്‍ച്ചുഗലിന് പെനല്‍റ്റി അനുവദിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ് എടുത്ത സ്‌പോട്ട് കിക്ക് ഗോള്‍ കീപ്പര്‍ സെര്‍ജിയോ അല്‍വാരസിനെ കബളിപ്പിച്ച് വലയില്‍. സെര്‍ജിയോ തന്റെ ഇടതു വശത്തേക്കു ചാടിയപ്പോള്‍ പന്തു പതിച്ചത് എതിര്‍ വശത്തെ മൂലയില്‍(2-0).