ദോഹ: ‘ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയും ലയണല്‍ മെസ്സിയും അനായാസ വിജയത്തോടെ തുടങ്ങി’ – ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ ഏറെക്കുറെ ഈ വാചകവുമായി ആരംഭിക്കേണ്ടിയിരുന്ന വാര്‍ത്തകള്‍ക്കു മുകളിലാണ് സൗദി അറേബ്യയെന്ന ലോക ഫുട്‌ബോളിലെ കുഞ്ഞന്‍രാജ്യം ഇന്ന് അട്ടിമറി സൃഷ്ടിച്ചിരിക്കുന്നത്. ഫിഫ റാങ്കിങ്ങില്‍ 51-ാം സ്ഥാനത്തുള്ള സൗദി അറേബ്യ മൂന്നാമന്‍മാരായ അര്‍ജന്റീനയെ വീഴ്ത്തുമ്പോള്‍, അതു വെറുമൊരു അട്ടിമറി എന്നതിനപ്പുറം ലോകകപ്പ് ചരിത്രത്തിലെ തന്നെ എണ്ണം പറഞ്ഞ അട്ടിമറികളിലൊന്നാണ്. ഖത്തറിലെത്തിയ അര്‍ജന്റീന ടീം ശിരസ്സേറ്റുന്ന പ്രതീക്ഷകളുടെ ഭാരം കൂടി പരിഗണിക്കുമ്പോള്‍, ഈ തോല്‍വിയുടെ കാഠിന്യം നാം കരുതുന്നതിലും അധികമാണ്!
ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടെ ആദ്യ രണ്ടു മത്സരങ്ങളിലും ഏഷ്യന്‍ ടീമുകള്‍ നാണംകെട്ട തോല്‍വി വഴങ്ങിയതോടെ, ഏഷ്യന്‍ മണ്ണിലെ ലോകകപ്പില്‍ ഏഷ്യന്‍ ടീമുകള്‍ക്ക് രക്ഷയില്ലെന്ന് കരുതിയിരിക്കെയാണ് ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ ടീമിനെ സൗദി അറേബ്യ അട്ടിമറിച്ചിരിക്കുന്നത്. സാല അല്‍ ഷെഹ്‌റി (48), സാലെം അല്‍ ഡവ്സാരി (53) എന്നിവര്‍ സൗദിക്കായി ഗോള്‍ നേടിയപ്പോള്‍, അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ ആദ്യ പകുതിയുടെ 10-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റിയില്‍നിന്നു നേടി.