ദോഹ: ഫുട്‌ബോള്‍ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള പതിപ്പിന് തിരിതെളിച്ച് ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങിന് ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായത്. ഖത്തറിന്റെ സാംസ്‌കാരികത്തനിമയ്‌ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങു തകര്‍ക്കുന്നത്.
പ്രശസ്ത ദക്ഷിണ കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ അംഗമായ ജുങ്കൂക്കിന്റെ സാന്നിധ്യമാണ് ഉദ്ഘാടനച്ചടങ്ങിന്റെ ആകര്‍ഷണം. ജുങ്കൂക്കിന്റെ ഡ്രീമേഴ്‌സ് എന്നു പേരിട്ട മ്യൂസിക് വിഡിയോ ഇന്നു രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണമാണ് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുക. ബ്രിട്ടിഷ് ഗായകന്‍ റോബി വില്യംസ്, കനേഡിയന്‍ ഗായിക നോറ ഫത്തേഹി എന്നിവരുമെത്തും.
അതേസമയം, ആരാധകര്‍ കാത്തിരിക്കുന്നത് മറ്റൊരാളുടെ വരവിനാണ്. 2010ല്‍ ‘വക്കാ വക്കാ’ ഗാനവുമായി ലോകമെങ്ങുമുള്ള പന്തുകളി ആരാധകരെയും സംഗീതപ്രേമികളെയും ഒരു പോലെ നൃത്തമാടിച്ച കൊളംബിയന്‍ പോപ് ഗായിക ഷക്കീറയെ. ലോകകപ്പിന് ഓളമുയര്‍ത്താന്‍ ഷക്കീറ വേദിയില്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം.
ഇനി ഒരു മാസം ഖത്തറെന്ന ഈ കൊച്ചുരാജ്യം ഫുട്‌ബോള്‍ ആവേശത്തിന്റെ മഹാമൈതാനമാകും. ഇന്ത്യന്‍ സമയം ഇന്നു രാത്രി 9.30ന് അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ആതിഥേയരും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനു ഇറ്റാലിയന്‍ റഫറി ഡാനിയേലെ ഒര്‍സാറ്റോ വിസില്‍ മുഴക്കുന്നതോടെ ആരാധകാവേശത്തിനും കിക്കോഫാകും.