കോവിഡിന് ശേഷമുള്ള സമ്പൂര്‍ണ മണ്ഡല കാലത്തിന് കല്ലുകടിയോടെ തുടക്കം: പമ്പയില്‍ നിറഞ്ഞ് തീര്‍ഥാടകര്‍: സന്നിധാനത്തേക്ക് കടത്തി വിടുന്നത് വൈകും: കുടിവെള്ളം പോലും കിട്ടാത്തതില്‍ പ്രതിഷേധം

17 second read

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ഇന്ന് ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി സന്നിധാനത്തേക്ക് തീര്‍ഥാടക പ്രവാഹം. ഇന്നത്തേക്ക് മാത്രം ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യു ബുക്ക് ചെയ്തിരിക്കുന്നത് 22,000 പേരാണ്. കേരളത്തിലും പുറത്തു നിന്നുമുള്ള തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുന്നു. നിലയ്ക്കലില്‍ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ തീര്‍ഥാടകരെ പമ്പയിലേക്ക് അയച്ചിരിക്കുകയാണ്. ഗണപതി കോവിലും പരിസരവും പൂര്‍ണമായി സ്വാമിമാര്‍ നിരന്നു. ഇവര്‍ കിട്ടിയ സ്ഥലത്ത് വിരിവച്ചു വിശ്രമിക്കുകയാണ്. ഇവര്‍ക്ക് കുടിവെള്ളം പോലുമില്ല.

പമ്പയില്‍ നിന്ന് തീര്‍ഥാടകരെ ഇതു വരെ സന്നിധാനത്തേക്ക് വിട്ടിട്ടില്ല. ഇന്നലെയും മറ്റുമായി ചിലര്‍ സന്നിധാനത്തേക്ക് കയറിപ്പോയിരുന്നു. അവിടം ഏറെക്കുറെ നിറഞ്ഞ മട്ടാണ്. വിര്‍ച്വല്‍ ക്യൂ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.ഇതിന്റെ പണി പൂര്‍ത്തിയാകാന്‍ ഇനിയും വൈകും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. മൂന്നു മണി മുതലാകും സ്വാമിമാരെ സന്നിധാനത്തേക്ക് കടത്തി വിടുക എന്നാണ് സൂചന. നിലവില്‍ പമ്പയിലുള്ളവരെ അന്നേരം കടത്തി വിടാന്‍ ശ്രമിച്ചാല്‍ അഭൂതപൂര്‍വമായ തിക്കും തിരക്കുമുണ്ടാകും.

ഇപ്പോള്‍ തന്നെ കടത്തി വിട്ടു തുടങ്ങിയാല്‍ മാത്രമേ തീര്‍ഥാടക തിരക്ക് ക്രമീകരിക്കാന്‍ കഴിയൂ. പോലീസ് കാര്യക്ഷമമായി നടത്തിയിരുന്ന വിര്‍ച്വല്‍ക്യൂ ഇത്തവണ മുതല്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുത്ത് നടത്തുകയാണ്. അതിന്റേതായ പ്രശ്നങ്ങള്‍ ഇവിടെ ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി വന്ന തീര്‍ഥാടകരാണ് പമ്പയില്‍ തിങ്ങി നിറഞ്ഞിരിക്കുന്നത്. സന്നിധാനത്തേക്ക് ഇവര്‍ പോകുന്നത് പോലീസ് തടഞ്ഞിരിക്കുകയാണ്. ഇതിനെതിരേ സ്വാമിമാര്‍ പ്രതിഷേധിച്ച് തുടങ്ങിയിട്ടുമുണ്ട്.

വിര്‍ച്വല്‍ ക്യു ഒന്നടങ്കം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് അവസാന നിമിഷം പോലീസിന് കൈമാറിയിരിക്കുകയാണ്. ബുക്കിങ് മാത്രമാണ് ബോര്‍ഡിനുള്ളത്. വേരിഫിക്കേഷന്‍ പോലീസിന് നല്‍കി. എന്നാല്‍ ഇതിനുള്ള ക്യാബിനുകളുടെ നിര്‍മാണം ഇപ്പോഴും നടക്കുകയാണ്. ഇത് പൂര്‍ത്തിയാകാതെ വിര്‍ച്വല്‍ ക്യൂ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. പതിനായിരത്തിലധികം തീര്‍ഥാടകര്‍ നിലവില്‍ പമ്പയിലുണ്ട്. ഇവര്‍ക്കുള്ള അടിസ്ഥാന സൗകര്യം ഒന്നും തന്നെ ഇപ്പോള്‍ ലഭ്യമല്ല. കുടിവെള്ളം പോലും കിട്ടാത്തതിലാണ് സ്വാമിമാരുടെ പ്രതിഷേധം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …