അധികാരമേറ്റു 45-ാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

18 second read

ലണ്ടന്‍: അധികാരമേറ്റു 45-ാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസിന്റെ മടക്കം. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. താന്‍ പോരാളിയാണെന്നും തോറ്റുപിന്‍മാറില്ലെന്നും ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ സ്ഥാനത്തു തുടരുമെന്നും അവര്‍ അറിയിച്ചു.

ലിസ് ട്രസ് പ്രധാനമന്ത്രിയായതിനു പിന്നാലെ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. നികുതിയിളവുകള്‍ അശാസ്ത്രീയമാണെന്ന് ആരോപണങ്ങളുണ്ടായി. പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക നിലയെ ഇതു കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഭരണപക്ഷത്തുനിന്നു തന്നെ ലിസ് ട്രസിനെതിരെ വിമര്‍ശനമുണ്ടായി. കഴിഞ്ഞ ദിവസം രാജി വച്ച ആഭ്യന്തര മന്ത്രിയും ലിസ് ട്രസിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ പിന്തള്ളിയാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോണ്‍സനു പിന്‍ഗാമിയെ കണ്ടെത്താന്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ ട്രസ് 57% വോട്ട് നേടിയിരുന്നു. ബ്രിട്ടന്റെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയായിരുന്നു ലിസ്. മാര്‍ഗരറ്റ് താച്ചറും തെരേസ മേയുമാണു മറ്റു 2 പേര്‍.

നഴ്‌സായ പ്രിസില്ല മേരി ട്രസിന്റെയും ഗണിത പ്രഫസറായിരുന്ന ജോണ്‍ കെന്നത്തിന്റെയും മകളായി 1975 ജൂലൈ 26ന് ബ്രിട്ടനിലെ ഓക്‌സ്ഫഡിലാണു ലിസ് ട്രസിന്റെ ജനനം. ആക്ടിവിസ്റ്റ് കൂടിയായിരുന്ന അമ്മയ്‌ക്കൊപ്പം ആണവനിര്‍വ്യാപന ക്യാംപെയ്‌നുകളില്‍ ലിസും പങ്കെടുത്തു. അങ്ങനെ, രാഷ്ട്രീയചിന്തകളും ഇടപെടലുകളും സമൃദ്ധമായ ബാല്യകൗമാരങ്ങള്‍. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ പഠനകാലത്തു രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായി. ലിബറല്‍ ഡമോക്രാറ്റ് പാര്‍ട്ടിക്കൊപ്പമായിരുന്നു അന്ന്. രാഷ്ട്രീയത്തിലെ ഉജ്വലപ്രവേശം 1994ല്‍ ആയിരുന്നു. ലിബറല്‍ ഡമോക്രാറ്റ് പാര്‍ട്ടി സമ്മേളനത്തില്‍ രാജഭരണം നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തെ പിന്താങ്ങി പത്തൊന്‍പതുവയസ്സുകാരി ലിസ് പ്രസംഗിച്ചു. പിന്നീടു കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അതിനിടെ അക്കൗണ്ടന്റ് ആയി യോഗ്യത നേടി.

അക്കൗണ്ടന്റായി ജോലിചെയ്യുന്ന കാലത്തെ സഹപ്രവര്‍ത്തകന്‍ ഹ്യൂ ഒലിയറിയുമായി 2000ല്‍ ആയിരുന്നു വിവാഹം. രണ്ടു മക്കളുടെ അമ്മയായതിനൊപ്പം കരിയറിലും അവര്‍ ഉയര്‍ന്നു. റിഫോം എന്ന തിങ്ക്ടാങ്കിന്റെ ഡപ്യൂട്ടി ഡയറക്ടറായത് 2008ല്‍. അക്കാലത്തെ സര്‍ക്കാര്‍ സാമ്പത്തികനയ പഠനറിപ്പോര്‍ട്ടുകള്‍ ശ്രദ്ധ നേടിയിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …