നരബലി നടത്തിയ കേസിലെ പ്രതി മുഹമ്മദ് ഷാഫി അടുത്തതായി ലക്ഷ്യമിട്ടത് കൂട്ടുപ്രതി ഭഗവല്‍സിങ്ങിനെത്തന്നെയെന്ന്

17 second read

പത്തനംതിട്ട: രണ്ടു സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതി മുഹമ്മദ് ഷാഫി അടുത്തതായി ലക്ഷ്യമിട്ടത് കൂട്ടുപ്രതി ഭഗവല്‍സിങ്ങിനെത്തന്നെയെന്ന് സൂചന. ഇയാളെ കൊലപ്പെടുത്തിയശേഷം ഷാഫിയും സിങ്ങിന്റെ ഭാര്യ ലൈലയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. പത്തനംതിട്ട ഇലന്തൂരില്‍ ഭഗവല്‍സിങ്ങിന്റെ വീട്ടില്‍ നരബലി മാത്രമല്ല നരഭോജനവും നടന്നതായി പൊലീസ് അറിയിച്ചു.

രണ്ടര മാസം മുന്‍പ് കൊല ചെയ്യപ്പെട്ട റോസ്ലിയുടെ ശരീരഭാഗങ്ങള്‍ ഷാഫിയും ഭഗവല്‍സിങ്ങും കഴിച്ചതായി ലൈല ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ആയുര്‍വേദ മരുന്നുകള്‍ തയാറാക്കാനായുള്ള മരത്തടികള്‍ക്കു മുകളില്‍ വച്ച് ഒരേ വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുകയായിരുന്നു.

കാലടി മറ്റൂരില്‍ താമസിച്ചിരുന്ന റോസ്ലി (49), കൊച്ചി എളംകുളത്തു താമസിച്ചിരുന്ന തമിഴ്‌നാട് ധര്‍മപുരി സ്വദേശി പത്മ (50) എന്നിവരാണു കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായ കൊച്ചി ഗാന്ധിനഗറില്‍ താമസിക്കുന്ന മുഹമ്മദ് ഷാഫി (52), ഇലന്തൂര്‍ കടകംപള്ളില്‍ വീട്ടില്‍ കെ.വി. ഭഗവല്‍ സിങ് (68), ഭാര്യ ലൈല (59) എന്നിവരെ എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതികളുടെ കസ്റ്റഡിക്കായി പൊലീസ് നല്‍കിയ അപേക്ഷ ഇന്നു പരിഗണിക്കും.

ലൈംഗിക മനോവൈകൃതമുള്ള ഷാഫിയാണ് ഇരട്ട നരബലിയുടെ സൂത്രധാരനെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. 2020ല്‍ പുത്തന്‍കുരിശില്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയായ ഇയാള്‍ക്കെതിരെ നേരത്തേ 8 കേസുകളുണ്ട്. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിനായി മനുഷ്യക്കുരുതിക്കു വേണ്ടിയാണു കൊലപാതകങ്ങള്‍ നടത്തിയതെന്നു പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സമാനമായ രീതിയില്‍ കൂടുതല്‍ പേരെ കൊലപ്പെടുത്തിയിരിക്കാനുള്ള സാധ്യതകളും പൊലീസ് സംശയിക്കുന്നുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …