വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിനു പിന്നിലിടിച്ച് 5 വിദ്യാര്‍ഥികളടക്കം 9 പേര്‍ മരിച്ചു

17 second read

പാലക്കാട്: സ്‌കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിനു പിന്നിലിടിച്ച് 5 വിദ്യാര്‍ഥികളടക്കം 9 പേര്‍ മരിച്ചു. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു. അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും മരിച്ചുവെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ആകെ 60 പേര്‍ക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്.

എറണാകുളത്തു നിന്നു പുറപ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ കായിക അധ്യാപകന്‍ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറ വീട്ടില്‍ വി.കെ. വിഷ്ണു(33) പ്ലസ്ടു വിദ്യാര്‍ഥികളായ ഉദയം പേരൂര്‍ വലിയകുളം അഞ്ജനം വീട്ടില്‍ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടില്‍ സന്തോഷിന്റെ മകന്‍ സി.എസ്. ഇമ്മാനുവല്‍(17), പത്താംക്ലാസ് വിദ്യാര്‍ഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയില്‍ വീട്ടില്‍ പി.സി. തോമസിന്റെ മകന്‍ ക്രിസ് വിന്റര്‍ ബോണ്‍ തോമസ്(15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തില്‍ രാജേഷ് ഡി. നായരുടെ മകള്‍ ദിയ രാജേഷ്(15), തിരുവാണിയൂര്‍ ചെമ്മനാട് വെമ്പ്‌ലിമറ്റത്തില്‍ ജോസ് ജോസഫിന്റെ മകള്‍ എല്‍ന ജോസ്(15) എന്നിവരാണ് മരിച്ചത്.

കെഎസ്ആര്‍ടിസി യാത്രക്കാരായ തൃശൂര്‍ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യന്‍കുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), ദീപു എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം രാത്രി 11.30നാണ് അപകടമുണ്ടായത്. അപകടസംഖ്യ ഉയര്‍ന്നേക്കാമെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉള്‍പ്പെടെ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കമാണ് വിനോദയാത്രാ സംഘം യാത്ര തുടങ്ങിയത്. 26 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണിവര്‍. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്. കൊട്ടാരക്കര – കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി ബസില്‍ 49 യാത്രക്കാര്‍ ഉണ്ടായിരുന്നു.

ഹരികൃഷ്ണന്‍ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തന്‍ശ്രീ (15), ഹൈന്‍ ജോസഫ് (15), ആശ (40), ജനീമ (15), അരുണ്‍കുമാര്‍ (38), ബ്ലസന്‍ (18), എല്‍സില്‍ (18), എല്‍സ (18) എന്നിവര്‍ ഉള്‍പ്പെടെ 16 പേരാണു പരുക്കേറ്റു തൃശൂരിലെ ആശുപത്രിയിലുള്ളത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …