സിപിഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

18 second read

ചെന്നൈ: സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളും സിപിഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ (68) അന്തരിച്ചു. അര്‍ബുദ ബാധിതനായി ഏറെ നാളായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു മാസം മുന്‍പാണ് ആരോഗ്യനില വീണ്ടും വഷളായത്. 2006-11 കാലയളവില്‍ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2001 ലും 2011 ലും നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായും പ്രവര്‍ത്തിച്ചു.

ഈ വര്‍ഷം കൊച്ചിയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. തലശേരിയില്‍നിന്ന് അഞ്ചു തവണ (1982, 1987, 2001, 2006, 2011) നിയമസഭാംഗമായിട്ടുണ്ട്. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് 2019 ഒക്ടോബറില്‍ യുഎസില്‍ ചികിത്സ തേടിയ അദ്ദേഹം ഈ വര്‍ഷം ഏപ്രില്‍ 30ന് യുഎസില്‍ത്തന്നെ തുടര്‍ചികിത്സയ്ക്കു പോയിരുന്നു. മേയ് 17 ന് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തുംവരെ സംസ്ഥാന സെന്ററാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

2020 ല്‍ ആരോഗ്യകാരണങ്ങളാല്‍ അവധി വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സംസ്ഥാന സെകട്ടേറിയറ്റ് അംഗീകരിച്ചതോടെ ഇടക്കാലത്ത് ഒരു വര്‍ഷം സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി ഒഴിഞ്ഞു. നിലവിലെ പിബി അംഗം എ.വിജയരാഘവനായിരുന്നു അന്ന് പകരം ചുമതല. കണ്ണൂര്‍ കല്ലറ തലായി എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16 നാണ് ജനനം. കോടിയേരിയിലെ ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. മാഹി മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍നിന്ന് പ്രീഡിഗ്രിയും ബിരുദപഠനവും പൂര്‍ത്തിയാക്കി.

സിപിഎം നേതാവും തലശേരി മുന്‍ എംഎല്‍എയുമായ എം.വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റര്‍ ജീവനക്കാരിയും ആയ എസ്.ആര്‍. വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഡോ. അഖില, റിനീറ്റ.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …