മാസ്‌ക് അഴിച്ചത് ആഘോഷമാക്കി യുഎഇയിലെ ജനങ്ങള്‍; യുഎഇ- ഇന്ത്യ യാത്രയ്ക്ക് ഇളവില്ല

18 second read

അബുദാബി: മാസ്‌ക് അഴിച്ചത് ആഘോഷമാക്കി യുഎഇയിലെ ജനങ്ങള്‍. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ടര വര്‍ഷത്തോളം മാസ്‌കില്‍ മറഞ്ഞ മുഖവുമായി കഴിയുകയായിരുന്നു ജനം. നിയന്ത്രണം പിന്‍വലിച്ച ഇന്നലെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഇല്ലാതെ എത്തി ഷോപ്പിങ് നടത്തിയും കൂട്ടുകാരോടൊപ്പം സെല്‍ഫിയെടുത്തും ആഘോഷമാക്കുകയായിരുന്നു ജനങ്ങള്‍.

യുഎഇയില്‍ പ്രത്യേകിച്ച് അബുദാബിയില്‍ ഷോപ്പിങ് മാളുകളിലും പൊതുഇടങ്ങളിലും അടച്ചിട്ട മുറികളിലും മാസ്‌ക് നിര്‍ബന്ധമായിരുന്നു. ഈ നിയമമാണ് പിന്‍വലിച്ചത്. ഇതോടെ ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റ് തുടങ്ങി പൊതുസ്ഥലങ്ങളില്‍ എത്തുന്നവരുടെ എണ്ണം കൂടി. ഇതേസമയം അവശേഷിക്കുന്ന ഗ്രീന്‍ പാസ് നിയമം കൂടി മാറ്റിയിരുന്നെങ്കില്‍ എന്ന് ആശിക്കുകയാണ് കച്ചവടക്കാര്‍.

ഷോപ്പിങ് മാളുകളിലേക്കും പൊതു ഇടങ്ങളിലേക്കും പ്രവേശിക്കാന്‍ ഇപ്പോഴും അബുദാബിയില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ഫലമായാല്‍ 14 ദിവസത്തേക്കു ലഭിച്ചിരുന്ന ഗ്രീന്‍ പാസ് കാലാവധി 30 ദിവസമാക്കി വര്‍ധിപ്പിച്ചത് ആശ്വാസമാണെങ്കിലും പൂര്‍ണമായും മാറ്റിയിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ വ്യാപാര കേന്ദ്രങ്ങളില്‍ എത്തുമെന്നാണ്ണ് കച്ചവടക്കാര്‍ പറയുന്നത്. ഇതേസമയം സ്വന്തം സുരക്ഷ ഓര്‍ത്ത് ചിലര്‍ മാസ്‌ക് ധരിച്ചാണ് ഇന്നലെയും പുറത്തിറങ്ങിയത്.

രണ്ടര വര്‍ഷമായി ജീവിതത്തിന്റെ ഭാഗമായ മാസ്‌കിനെ പെട്ടെന്ന് ഊരി മാറ്റാനാവില്ലെന്ന നിലപാടിലായിരുന്നു ചിലര്‍. മനസ്സ് അതിനോടു പൊരുത്തപ്പെട്ടുവരട്ടെ, എന്നിട്ടു മാറ്റാം എന്നാണ് മലയാളികളില്‍ ചിലര്‍ പ്രതികരിച്ചത്. എന്നാല്‍ പിന്‍വലിച്ച വാര്‍ത്ത കേട്ടയുടന്‍ മാസ്‌കിനെ ഉപേക്ഷിച്ചവരാണ് ഭൂരിഭാഗവും.

മാസ്‌ക് ഒഴിവാക്കി എയര്‍ലൈനുകള്‍; യുഎഇ- ഇന്ത്യ യാത്രയ്ക്ക് ഇളവില്ല

അബുദാബി യുഎഇയിലെ ദേശീയ എയര്‍ലൈനുകളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈ ദുബായ് എന്നിവയുടെ വിമാനങ്ങളില്‍ ഇനി മാസ്‌ക് വേണ്ട. അതേസമയം ,ഇന്ത്യ മാസ്‌ക് നിബന്ധന പിന്‍വലിക്കാത്തതിനാല്‍ യുഎഇ-ഇന്ത്യ വിമാനങ്ങളില്‍ മാസ്‌ക് ധരിക്കണം. യുഎഇയില്‍നിന്ന് പുറപ്പെടുന്നതും തിരിച്ചുവരുന്നതുമായ മറ്റു സര്‍വീസുകളിലാണ് ഇളവ്. വിമാനത്താവളത്തിലും നിര്‍ബന്ധമില്ല. ആവശ്യക്കാര്‍ക്ക് ധരിക്കാം. അതേസമയം, ട്രാന്‍സിറ്റ് യാത്രക്കാര്‍ അതതു രാജ്യത്തെ നിബന്ധന പാലിക്കണം. യുഎഇയില്‍ ഇന്നലെ മുതല്‍ മാസ്‌ക് നിബന്ധന നീക്കിയിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …