സ്‌കൂള്‍ ബസില്‍ ബാലികയുടെ മരണം: 3 പേര്‍ അറസ്റ്റിലെന്ന് സൂചന

19 second read

ഖത്തര്‍: സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ മലയാളി ബാലിക മിന്‍സ മറിയം ജേക്കബ് (4) കൊടുംചൂടില്‍ മരിച്ച സംഭവത്തില്‍ 3 ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വിവരം. മലയാളി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണു നടപടിയെന്നാണു റിപ്പോര്‍ട്ട്. ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. മിന്‍സയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിന്‍ത് അലി അല്‍ നുഐമി, എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

സംഭവം നടന്ന ഞായറാഴ്ച തന്നെ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം തുടങ്ങിയവയും പരിശോധനയില്‍ സഹകരിക്കുന്നു. അസാധാരണ സംഭവം ആയതിനാല്‍ വിശദമായ മെഡിക്കല്‍ പരിശോധനയാണ് നടന്നത്. ഇതിന്റെ ഫലവും തുടര്‍ന്ന് കോടതി അനുമതിയും ലഭിച്ചശേഷമാകും മൃതദേഹം വിട്ടുകിട്ടുകയെന്നു ബന്ധുക്കള്‍ അറിയിച്ചു. സ്വദേശമായ ചിങ്ങവനത്താണു സംസ്‌കാരം.

അതിനിടെ, സംഭവത്തില്‍ ദുഃഖവും പ്രതിഷേധവും അറിയിച്ച് സ്വദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ ഖത്തറില്‍ രംഗത്തെത്തി. കുട്ടികളുടെ സുരക്ഷയില്‍ അലംഭാവം കാണിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുന്ന കുറിപ്പുകളാണു സമൂഹമാധ്യമങ്ങളില്‍ എങ്ങും. അല്‍ വക്ര സ്പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി വണ്‍ വിദ്യാര്‍ഥിനിയായ മിന്‍സ ഉറങ്ങിപ്പോയ വിവരം അറിയാതെ ബസ് ലോക്ക് ചെയ്ത് ജീവനക്കാര്‍ പോകുകയായിരുന്നു.

ഉച്ചയോടെ വിദ്യാര്‍ഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസ് എടുത്തപ്പോഴാണ് അബോധാവസ്ഥയില്‍ കുഞ്ഞിനെ കണ്ടത്. കനത്ത ചൂടില്‍ ബസിനുള്ളില്‍ മണിക്കൂറുകളോളം കഴിഞ്ഞ മിന്‍സയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഖത്തര്‍ ലോകകപ്പ് സമിതിയിലെ സീനിയര്‍ ഗ്രാഫിക് ഡിസൈനര്‍ ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും ഇളയ മകളാണ് മിന്‍സ. സഹോദരി എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ 2-ാം ക്ലാസ് വിദ്യാര്‍ഥി മീഖ മറിയം ജേക്കബ്.

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …