അടൂര്‍: മഴ മാറിനിന്ന പകലില്‍ പ്രാര്‍ഥനാന്തരീക്ഷത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. മാര്‍ ഈവാനിയോസ് നഗറില്‍(ഗ്രീന്‍വാലി കണ്‍വന്‍ഷന്‍ സെന്ററില്‍) സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ പതാക ഉയര്‍ത്തി.
വിവിധ രൂപതകളില്‍ നിന്നെത്തിയ പ്രയാണങ്ങള്‍ അടൂര്‍ സെന്‍ട്രല്‍ മൈതാനിയില്‍ എത്തിയ ശേഷം അവിടെ നിന്ന് വാഹന റാലിയായി സമ്മേളന നഗരിയില്‍ എത്തി. തിരുവനന്തപുരം അതിഭദ്രാസനത്തില്‍ നിന്ന് ദീപശിഖയും മാര്‍ത്താണ്ഡ ഭദ്രാസനത്തില്‍ നിന്ന് ബൈബിള്‍ പ്രയാണവും മാവേലിക്കര ഭദ്രാസനത്തില്‍ നിന്ന് ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഛായാചിത്ര പ്രയാണവും തിരുവല്ല അതിഭദ്രാസനത്തില്‍ നിന്ന് മാര്‍ തെയോഫിലോസിന്റെ ചിത്ര പ്രയാണവും പത്തനംതിട്ട ഭദ്രാസനത്തില്‍ നിന്ന് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഛായാചിത്ര പ്രയാണവും പുത്തൂര്‍ ഭദ്രാസനത്തില്‍ പേപ്പല്‍ പതാക പ്രയാണവും ബത്തേരി ഭദ്രാസനത്തില്‍ നിന്ന് കാതോലിക്കാ പതാക പ്രയാണവും പുണെ കട്കി ഭദ്രാസനത്തില്‍ നിന്ന് പുനരൈക്യ ലോഗോ പ്രയാണവും ഡല്‍ഹി എക്‌സാര്‍ക്കേറ്റില്‍ നിന്ന് എംസിവൈഎം ലോഗോ പ്രയാണവുമാണ് വന്നു ചേര്‍ന്നത്.
റാലിക്കു മുന്നോടിയായി അന്ത്യോഖ്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കിസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവായ്ക്കും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ എന്നിവര്‍ക്ക് പൗരസ്വീകരണം നല്‍കി. തുടര്‍ന്ന് അടൂര്‍ തിരുഹൃദയ കത്തോലിക്കാ ദേവാലയത്തിന്റെ മോറോന്‍ കൂദാശ നടത്തി.
ഇതിനു ശേഷമായിരുന്നു റാലി. എംസിവൈഎം രാജ്യാന്തര ക്വിസ് മല്‍സരവും നടന്നു. ഇന്നു രാവിലെ 6.30ന് തിരുഹൃദയ കത്തോലിക്കാ ദേവാലയത്തില്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുയെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലി. 10 മുതല്‍ മാര്‍ ഈവാനിയോസ് നഗറില്‍ കുട്ടികളുടെ സംഗമം, യുവജന സംഗമം, അല്‍മായ സംഗമം, മാതൃസംഗമം എന്നിവയും നടക്കും. സമ്മേളനങ്ങളില്‍ കാതോലിക്കാ ബാവാ മുഖ്യസന്ദേശം നല്‍കും. കുട്ടികളുടെ സംഗമം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
എംസിസിഎല്‍ പ്രസിഡന്റ് നിര്‍മല്‍ സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് പ്രഭാഷണം നടത്തും. എംസിവൈഎം പ്രസിഡന്റ് ടിനു കുര്യാക്കോസ് അധ്യക്ഷതവഹിക്കും. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ ഡോ. സന്തോഷ് മാത്യു ഉദ്ഘാടനം ചെയ്യും. വിന്‍സെന്റ് മാര്‍ പൗലോസ് പ്രഭാഷണം നടത്തും.
അല്‍മായ സംഗമം റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. മോന്‍സണ്‍ കെ. മാത്യു അധ്യക്ഷതവഹിക്കും. മാതൃസംഗമം യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം ഉദ്ഘാടനം ചെയ്യും. തീച്ചൂളയിലെ സഭ സംസാരിക്കുന്നു മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷിക ആഘോഷ വേദിയില്‍ ഇന്ന് വൈകിട്ട് നാലിന് അന്ത്യോഖ്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കിസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവായുമായുള്ള കൂടിക്കാഴ്ച (തീച്ചൂളയിലെ സഭ സംസാരിക്കുന്നു) നടക്കും.
ഡോ. എബ്രഹാം മാര്‍ യൂലിയോസ് സന്ദേശം നല്‍കും. മാര്‍ത്തോമ്മാ സഭാ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ്, യാക്കോബായ സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് എന്നിവര്‍ പ്രഭാഷണം നടത്തും.