മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് 14കാരനെ തട്ടിക്കൊണ്ടുപോയി

1 second read

കൊല്ലം: മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് 14 വയസ്സുകാരനെ തമിഴ്‌നാട് സംഘം തട്ടിക്കൊണ്ടുപോയി. കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്‌നാട് സ്വദേശികള്‍ അടങ്ങുന്ന ആറംഗ സംഘം റാഞ്ചിയത്. തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചു വീഴ്ത്തി.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ചു നടത്തിയ ദ്രുതനീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയില്‍ സംഘത്തെ തടഞ്ഞു; അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റര്‍ മുന്‍പാണ് സംഘത്തെ തടഞ്ഞത്.

സംഭവങ്ങള്‍ ഇങ്ങനെ..

വൈകിട്ട് 6.30: ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്തപ്പോള്‍ 2 കാറുകളിലായി ആറംഗസംഘം എത്തി. സംഘത്തില്‍ 9 പേരെന്നും സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു വ്യക്തമായതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം. തമിഴ്‌നാട് സ്വദേശിയുടെ കാര്‍ വാടകയ്‌ക്കെടുത്താണ് സംഘം എത്തിയത്.

രാത്രി 8.20: തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള കാറില്‍ കുട്ടിയെ കടത്തുന്നതായി വിവരം എല്ലാ സ്റ്റേഷനുകളിലും ലഭിച്ചു. വ്യാപക പരിശോധന തുടങ്ങി.

8.36: കാര്‍ കഴക്കൂട്ടം കടന്നു.

8.53: കാര്‍ പൂവാര്‍ സ്റ്റേഷന്‍ പരിധിയില്‍.

രാത്രി 10: പൊലീസ് ജീപ്പ് പിന്തുടര്‍ന്നതോടെ ഇട റോഡ് വഴി പട്യക്കാലയില്‍ എത്തിയ സംഘം കാര്‍ ഉപേക്ഷിച്ചു. കാറിന്റെ മുന്‍ഭാഗം ഇടിച്ചു തകര്‍ന്ന നിലയിലായിരുന്നു. സമീപ ജംക്ഷനില്‍ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്.

10.00: പൂവാറില്‍ പൊലീസിനെ വെട്ടിച്ചു കടന്നതോടെ തമിഴ്‌നാട് അതിര്‍ത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി.

11.30: പാറശാല കോഴിവിളക്കു സമീപം പൊലീസ് ഒാട്ടോ തടഞ്ഞു. ഓട്ടോയില്‍ ആഷിക്കും 2 പേരും. ഓടിയ ഇവരില്‍ ഒരാളെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയില്‍ പുലയന്‍വിളയില്‍ ബിജു (30) ആണ് പിടിയിലായത്. കടന്നുകളഞ്ഞ ആള്‍ ഫിസിയോതെറപ്പിസ്റ്റ് ആണെന്ന് സംശയമുണ്ട്. ഒാട്ടോയില്‍ അബോധാവസ്ഥയില്‍ കണ്ട ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തി.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…