ഒട്ടാവ: കാനഡയില്‍ രണ്ടു പേര്‍ നടത്തിയ കത്തിക്കുത്ത് ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് സസ്‌ക്വാചാന്‍ പ്രവിശ്യയില്‍ ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. 13 ഇടങ്ങളിലായുണ്ടായ ആക്രമണങ്ങളില്‍ പതിനഞ്ചോളം പേര്‍ക്കാണു പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അസിസ്റ്റന്റ് കമ്മിഷനര്‍ റോണ്ട ബ്ലാക്‌മോര്‍ പറഞ്ഞു.
ഡാമിയന്‍ (30), മൈല്‍സ് സാന്‍ഡേഴ്‌സന്‍ (31) എന്നിവരാണ് ആക്രമണം നടത്തിയത്. കറുപ്പ് നിറമുള്ള വാഹനത്തില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഭീതിപ്പെടുത്തുന്നതും ഹൃദയഭേദകവുമായ അക്രമമാണു നടന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. ആക്രമണം നടന്ന ജെയിംസ് സ്മിത്ത് ക്രീ നേഷനില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.