ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പേരില്‍ ബിരുദ/പി.ജി പ്രൈവറ്റ് വിദ്യാര്‍ഥികളുടെ ഭാവി ഷട്ട് ഡൗണ്‍: പത്തിരട്ടിയോളം ഫീസ് അധികം നല്‍കി പഠിക്കേണ്ടി വരും

17 second read

പത്തനംതിട്ട: കേരളത്തിലെ റെഗുലര്‍ സര്‍വകലാശാലകളില്‍ ബി.കോം, ബി.എ കോഴ്സുകള്‍ക്ക് ഇനി പ്രൈവറ്റ് രജിസ്ട്രേഷനില്ല. വെറും 2505 രൂപ ഫീസ് അടച്ച് പ്രൈവറ്റായി കോഴ്സുകള്‍ പഠിക്കാമായിരുന്ന സ്ഥാനത്ത് സര്‍ക്കാരിന്റെ ബദല്‍ സംവിധാനമായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ പത്ത് ഇരട്ടിയിലധികം വരെ ഫീസ് നല്‍കി ഇതേ കോഴ്സുകള്‍ക്ക് ചേരാം.

ബി.കോമിന് 23630 രൂപയും ബി.എയ്ക്ക് 17630 രൂപയും ആണ് ഓപ്പണ്‍ സര്‍വകലാശാലയുടെ ഫീസ്. എം.കോം, എം.എ
കോഴ്സുകള്‍ക്ക് പ്രൈവറ്റ് ആയി പഠിക്കാന്‍ വേണ്ടിയിരുന്നത് 2945 രൂപ ആയിരുന്നു. ഓപ്പണ്‍ സര്‍വകലാശാലയില്‍ എം. കോമിന് 18770 രൂപയും എം.എയ്ക്ക് 14770 രൂപയും അടയ്ക്കണം. ബി.ബി.എ, ബി.സി.എ കോഴ്സുകള്‍ക്കു പ്രാക്ടിക്കല്‍ ഫീസ് ഉള്‍പ്പെടെ 33230 രൂപയും വേണം. പഠന സഹായി, അവധി ദിവസ ട്യൂഷന്‍ ക്ലാസ് എന്നിങ്ങനെയുള്ള ഫീസുകള്‍ കൂടി വിദൂര പഠനത്തിനു വേണ്ടിവരുമെന്ന വാദമാണ് ഓപ്പണ്‍ സര്‍വകലാശാലാ ഫീസ് കൂടുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉപകരിച്ചിരുന്ന പ്രൈവറ്റ് രജിസ്ട്രേഷന്‍ ഇല്ലാതാക്കിയ സര്‍ക്കാര്‍ നടപടി മൂലം പഠനം പ്രതിസന്ധിയിലാകുന്നവരുടെ എണ്ണം ഇതോടെ വര്‍ധിക്കും.

പ്രൈവറ്റ് പഠനത്തിന് ആശ്രയിച്ചിരുന്ന പാരലല്‍ കോളജുകളുടെ പ്രവര്‍ത്തനവും നിലയ്ക്കും. ആയിരക്കണക്കിന് പേര്‍ തൊഴില്‍ രഹിതരാകും. ഓപ്പണ്‍ സര്‍വകലാശാലയുടെ അവധി ദിവസത്തെ ക്ലാസുകളും പഠന സഹായിയും ഒരു സാധാരണ വിദ്യാര്‍ത്ഥിക്ക് തന്റെ കോഴ്സ് ജയിക്കുവാന്‍ മതിയാകില്ല. അതിനാല്‍ അവര്‍ക്ക് ട്യൂഷന്‍ ക്ലാസുകള്‍ വേണ്ടിവരും. എന്നാല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫീസും ട്യൂഷന്‍ ഫീസും കൂടി വഹിക്കുവാന്‍ ഒരു സാധാരണ വിദ്യാര്‍ഥിക്ക് കഴിയില്ല. അത്തരക്കാര്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടി വരും. 1971 മുതല്‍ കേരളത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകള്‍ നടത്തുന്ന റെഗുലര്‍ സര്‍വകലാശാലകളില്‍ ചുരുങ്ങിയ ചെലവില്‍ രജിസ്റ്റര്‍ ചെയ്ത് പഠിക്കാമായിരുന്ന സമ്പ്രദായം സര്‍ക്കാര്‍ ഇല്ലാതാക്കിയതാണ് ഈ പ്രതിസന്ധികള്‍ക്ക് കാരണം.
റെഗുലര്‍ സര്‍വകലാശാലകളിലെ പ്രൈവറ്റ് രജിസ്ട്രേഷന്‍ സമ്പ്രദായവും വിദൂര പഠനവും ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ നിയമത്തിലൂടെ സര്‍ക്കാര്‍ നിരോധിച്ചു.

ഓപ്പണ്‍ സര്‍വകലാശാലയുടെ നിയമത്തിലെ എഴുപത്തിരണ്ടാം വകുപ്പിലൂടെയാണ് റെഗുലര്‍ സര്‍വകലാ ശാലകളിലെ പ്രൈവറ്റ് വിദൂര കോഴ്സുകള്‍ സര്‍ക്കാര്‍ തടഞ്ഞത്. റെഗുലര്‍ സര്‍വകലാശാലകളില്‍ കഴിഞ്ഞവര്‍ഷം വരെ ചേര്‍ന്ന ്രൈപവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അവിടെത്തന്നെ തുടര്‍ന്നു പഠിക്കുവാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഓപ്പണ്‍ സര്‍വകലാശാലയുടെ ഈ നിയമത്തെയും ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളെയും ചോദ്യം ചെയ്തുകൊണ്ട് പാരലല്‍ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസുകള്‍ തീര്‍പ്പായിട്ടില്ല.
ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലാ നിയമങ്ങള്‍ ഒരു സര്‍വകലാശാലയുടെ സ്വയം ഭരണാധികാരത്തില്‍ മറ്റൊന്ന് ഇടപെടുന്ന തരത്തിലുള്ള കടന്നുകയറ്റമാണെന്നും ഈ നിയമവിരുദ്ധ നടപടി ഓപ്പണ്‍ സര്‍വകലാശാല നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ കോഴ്സുകള്‍ക്ക് അംഗീകാരം കൊടുക്കുന്നത് സംബന്ധിച്ചു തങ്ങളെ കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു യു.ജി.സിക്കും ഗവര്‍ണര്‍ക്കും പ്രസിഡന്റിനും പ്രധാനമന്ത്രിക്കും പാരലല്‍ കോളജ് അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …