സംസ്ഥാനം 3.5 ലക്ഷം കോടിയുടെ കടത്തിലായിട്ടും ക്രഷര്‍ ലോബി നല്‍കുന്നത് നക്കാപ്പിച്ച: റോയല്‍റ്റി കൂട്ടിയിട്ട് 7 വര്‍ഷം

22 second read

തിരുവനന്തപുരം: സംസ്ഥാനം മൂക്കറ്റം കടത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ പൊതു ജനത്തിന് പ്രഹരവും കോടികള്‍ കൊയ്യുന്ന പാറമട-ക്രഷര്‍ ലോബിക്ക് തലോടലും. സംസ്ഥാനത്തെ ഖനന മേഖലയിലെ റോയല്‍റ്റി പുതുക്കിയിട്ട് ഏഴ് വര്‍ഷം. ഒരു മെട്രിക് ടണ്‍ പാറയ്ക്കും പാറ ഉത്പന്നങ്ങള്‍ക്കും ആയിരം രൂപ ക്രഷര്‍ ഉടമയ്ക്ക് ലഭിക്കുമ്പോള്‍ റോയല്‍റ്റി ഇനത്തില്‍ സര്‍ക്കാരിന് കിട്ടുന്നത് 24 രൂപാ മാത്രം. ഇത് നിര്‍ത്തലാക്കി ഖനന മേഖലയില്‍ നികുതി ഏര്‍പ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമാണെങ്കിലും പാറമട-ക്രഷര്‍ ലോബിയുമായുള്ള അവിശുദ്ധ ബന്ധം മൂലം സര്‍ക്കാര്‍ അതിന് തയ്യറാകുന്നില്ലെന്നുള്ള വിമര്‍ശനം ശക്തമാണ്.

കേന്ദ്ര ഖനനചട്ടം 1957 (മൈന്‍സ് മിനറല്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് റഗുലേഷന്‍ ആക്റ്റ് നട്ടം 9 (3) )അനുസരിച്ച് ഖനന ധാതുവിന്റെ റോയല്‍റ്റി മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു തവണ പുതുക്കി നിശ്ചയിക്കാമെന്നിരിക്കെയാണ് സംസ്ഥാനത്തെ പാറമട-ക്രഷര്‍ ലോബികളെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള മൃതു നയം സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും ഒടുവില്‍ റോയല്‍റ്റി പുതുക്കി നിശ്ചയിച്ചത് 2015-ല്‍ ആണ്. നിര്‍മ്മാണ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ കണക്കിലെടുത്തും മാര്‍ക്കറ്റ് വാല്യൂവിലെ വിവരങ്ങള്‍ മനസിലാക്കിയുമാണ് റോയല്‍റ്റിയില്‍ കാര്യമായ മാറ്റം വരുത്താത്തതെന്നാണ് വിശദീകരണം.

മൂന്നുതരത്തിലുള്ള റോയല്‍റ്റിയാണ് നിലവിലുള്ളത്. ക്വാണ്ടിറ്റി അടിസ്ഥാനത്തിലുള്ളത്, ക്രഷറിന്റെ വലിപ്പം അനുസരിച്ചുള്ള റോയല്‍റ്റി, മെറ്റല്‍ ക്രഷര്‍ യൂണിറ്റായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുള്ള കണ്‍സോളിഡേറ്റഡ് റോയല്‍റ്റി എന്നിവയാണവ. എന്തായാലും ഉടമയ്ക്ക് ലഭിക്കുന്ന ലാഭത്തിന്റെ രണ്ട് ശതമാനം തുക മാത്രമെ ഇപ്പോള്‍ റോയല്‍റ്റിയായി സ്വീകരിക്കുന്നുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

25 സെന്റ് സ്ഥലത്തെ പാറ ഖനനം ചെയ്യുന്നതിന് ഇപ്പോള്‍ 75,000 രൂപാ മാത്രമാണ് വാര്‍ഷീക കണ്‍സോളിഡേറ്റഡ് റോയല്‍റ്റി. അമ്പത് സെന്റ് സ്ഥലത്തെ ഖനനത്തിന് 1.5 ലക്ഷവും, 75 സെന്റ് സ്ഥലത്തെ ഖനനത്തിന് മൂന്ന് ലക്ഷം രൂപയും വാര്‍ഷീക റോയല്‍റ്റി ഈടാക്കും. ഒരേക്കര്‍ സ്ഥലം ഖനനം ചെയ്യുമ്പോള്‍ പ്രതിമാസം കോടികള്‍ ഉടമയ്ക്ക് ലഭിക്കുമെങ്കിലും സര്‍ക്കാരിന് ഒരു വര്‍ഷം ലഭിക്കുന്ന കണ്‍സോളിഡേറ്റഡ് റോയല്‍റ്റി വെറും ഏഴ് ലക്ഷം മാത്രം.

മെറ്റല്‍ ക്രഷര്‍ യൂണിറ്റിന്റെ റോയല്‍റ്റിയിലും കാര്യമായ വ്യത്യാസമില്ല. ക്രഷര്‍ യൂണിറ്റിന്റെ ‘വായ’ വിസ്തൃതി അനുസരിച്ചാണിത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പിന് മുമ്പ് പാറമട/ക്രഷര്‍ ലോബിയുമായി ഉണ്ടാക്കുന്ന ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം സമീപനം. തെരഞ്ഞെടുപ്പ് ഫണ്ട് കൂടാതെ നിശ്ചിത തുക ഇടക്കാലാശ്വാസമായി വ്യക്തിക്കും പാര്‍ട്ടിക്കും നല്‍കണമെന്നുള്ളത് മറ്റൊരു വ്യവസ്ഥ. കൂടാതെ നിയമസഭയില്‍ അടിക്കടി പാറമട/ക്രഷര്‍ മേഖലയെപ്പറ്റി പ്രതികൂല ചോദ്യം ഉന്നയിക്കുന്ന പ്രതിപക്ഷ ഭരണപക്ഷ സാമാജികര്‍ക്ക് ആശ്വാസ വിഹിതവും ഉണ്ടാകുമെന്ന് മുമ്പ് ഈ രംഗത്ത് പ്രവര്‍ത്തിച്ചവര്‍ വെളിപ്പെടുത്തുന്നു.

 

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …