മാറമ്പുടത്തില്‍ ഫിനാന്‍സില്‍ പണയം വച്ച സ്വര്‍ണ ഉരുപ്പടികള്‍ മറ്റൊരു സ്ഥാപനത്തില്‍ പണയം വച്ച് ലക്ഷങ്ങള്‍ തട്ടി: ഉടമ തട്ടിപ്പ് കണ്ടെത്തിയത് വിദേശത്ത് നിന്ന് മടങ്ങിയെത്തിയപ്പോള്‍: സീതത്തോട് പണമിടപാട് സ്ഥാപനത്തില്‍ 45 ലക്ഷത്തിന്റെ ക്രമക്കേട് നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍

0 second read

പത്തനംതിട്ട: ഉടമ വിദേശത്തായിരുന്ന തക്കം നോക്കി പണയ ഉരുപ്പടികള്‍ മറ്റൊരു ബാങ്കില്‍ പണയം വച്ച് 45.50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടു ജീവനക്കാരികള്‍ അറസ്റ്റില്‍. സ്ഥാപനത്തിന്റെ മാനേജരായിരുന്ന കൊച്ചുകോയിക്കല്‍ പുതുപ്പറമ്പില്‍ രമ്യ (32), ജീവനക്കാരിയായ സീതത്തോട് മണികണ്ഠന്‍കാലാ കല്ലോണ്‍വീട്ടില്‍ ടി.ബി. ഭുവനമോള്‍ (32) എന്നിവരെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റുചെയ്തത്. രമ്യ നേരത്തേ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഭുവനമോളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചുകോയിക്കല്‍ മാറമ്പുടത്തില്‍ വീട്ടില്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറമ്പുടത്തില്‍ ഫിനാന്‍സിലാണ് ക്രമക്കേട് നടന്നത്. റോയി കുറെക്കാലം വിദേശത്തായിരുന്നു. ഈസമയത്താണ് ജീവനക്കാര്‍ സാമ്പത്തികതിരിമറി നടത്തിയത്. 45.50 ലക്ഷം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയിട്ടുള്ളത്. സ്ഥാപനത്തില്‍ ആളുകള്‍ പണയംവെച്ച സ്വര്‍ണ ഉരുപ്പടികളുടെ വിവരങ്ങള്‍ റെക്കോഡുകളില്‍ രേഖപ്പെടുത്തിയ ശേഷം ഇവ മറ്റ് സ്ഥാപനങ്ങളില്‍ കൊണ്ടു പോയി പണയം വെച്ച് പണമെടുക്കുകയാണ് ജീവനക്കാര്‍ ചെയ്തത്. ആളുകള്‍ പണയം വെയ്ക്കുന്ന സ്വര്‍ണാഭരണങ്ങളുടെ തൂക്കത്തിലും വിലയിലും തിരിമറി കാട്ടിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്ഥാപനയുടമ അടുത്തിടെ തിരികെയെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകള്‍ കണ്ടെത്തിയത്. സ്വര്‍ണയുരുപ്പടികള്‍ ചിലര്‍ തിരികെയെടുക്കാനെത്തിയെങ്കിലും പണയം സ്വീകരിച്ചതിന്റെ യാതൊരു രേഖയും സ്ഥാപനത്തിലില്ലായിരുന്നു. ഇത്തരത്തിലുള്ള ചില സംഭവങ്ങളില്‍, സ്ഥാപനയുടമ ആളുകള്‍ക്ക് പണം നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കി.
സ്ഥാപനത്തിന്റെ മറവില്‍ ജീവനക്കാര്‍ സമാന്തര പണമിടപാട് നടത്തുകയും ചെയ്തിരുന്നു. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമൊക്കെ പണം കടം വാങ്ങിയശേഷം ഉയര്‍ന്ന പലിശയ്ക്ക് മറിച്ചുനല്‍കി. കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തിയതോടെ സ്ഥാപനയുടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതിനിടെ, രമ്യ കോടതിയില്‍ കീഴടങ്ങിയതിനെത്തുടര്‍ന്ന് ഇവരെ റിമാന്‍ഡുചെയ്തു. ജയിലില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍വാങ്ങിയ പ്രതിയെ വെള്ളിയാഴ്ച സീതത്തോട്ടിലെത്തിച്ച് തെളിവെടുത്തു. സീതത്തോട്ടിലെ ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍നിന്ന് സ്വര്‍ണാഭരണങ്ങളില്‍ ചിലത് കണ്ടെടുത്തു. മറ്റൊരു ജീവനക്കാരിയായ ഭുവനമോളെ വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റുചെയ്തത്. ചിറ്റാര്‍ എസ്.ഐ. സണ്ണിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…