പൂര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

0 second read

പത്തനംതിട്ട: യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിക്കാല കുറുന്താര്‍ സെറ്റില്‍മെന്റ് കോളനിയില്‍ അനിത (28) മരിച്ച കേസില്‍ ഭര്‍ത്താവ് കുറുന്താര്‍ തേവളളിയില്‍ ജ്യോതി നിവാസില്‍ ജ്യോതിഷിനെ (32) ആണ് ആറന്മുള പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്.

ജൂണ്‍ 27 ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് അനിത മരിച്ചത്. മേയ് 19 നാണ് അനിതയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ചികില്‍സയിലിരിക്കേയാണ് മരണം.
ഒമ്പതു മാസം ഗര്‍ഭിണിയായിരുന്ന അനിത വയറ്റിലുണ്ടായ അണുബാധയെ തുടര്‍ന്നാണ് മരിച്ചത്. ഗര്‍ഭസ്ഥ ശിശു വയറ്റിനുള്ളില്‍ മരിച്ചു കിടന്നതും അണുബാധയുണ്ടായതും സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി അനിതയുടെ മാതാപിതാക്കളായ ശ്യാമളയും മോഹനനും ആറന്മുള പൊലീസിലും പരാതി നല്‍കിയിരുന്നു. അനിതയ്ക്കും ജ്യോതിഷിനും ഒന്നരവയസുള്ള ഒരു മകന്‍ കൂടിയുണ്ട്. കുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു. രണ്ടാമത് ഗര്‍ഭിണിയായ വിവരം മറച്ചു വയ്ക്കാന്‍ ജ്യോതിഷ് അനിതയെ പ്രേരിപ്പിച്ചിരുന്നുവെന്ന് മാതാവിന്റെ പരാതിയിലുണ്ട്. ഭ്രൂണഹത്യ നടത്താന്‍ ചില ദ്രാവകങ്ങള്‍ അനിതയ്ക്ക് ജ്യോതിഷ് നല്‍കിയിരുന്നുവെന്നും ഇതു കാരണമാണ് കുട്ടി വയറ്റില്‍ മരിച്ചു കിടന്നതെന്നും അണുബാധയുണ്ടായതെന്നും പരാതിയില്‍ ആരോപിക്കുന്നു.

സ്‌കാനിങ് റിപ്പോര്‍ട്ടില്‍ കുഞ്ഞ് ദിവസങ്ങളായി വയറ്റില്‍ മരിച്ചു കിടക്കുകയായിരുന്നുവെന്ന് പറയുന്നു. പൂര്‍ണ ഗര്‍ഭിണിയായ അനിതയെ ജ്യോതിഷ് മര്‍ദിച്ചിരുന്നുവെന്നാണ് വീട്ടുകാരുടെ പരാതി. വായില്‍ തുണി തിരുകിയായിരുന്നുവത്രേ മര്‍ദനം. ഇത്തരം പീഡനങ്ങളാണ് അനിതയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് വീട്ടുകാരുടെ ആരോപണം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…