കൊല്ലം: പത്തനാപുരത്ത് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ടാനമ്മയെയും അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു. പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയും മൂന്നുവയസ്സുള്ള ആണ്‍കുട്ടിയുമാണ് മര്‍ദ്ദനത്തിനിരയായത്. കുട്ടികളെ നിരന്തരം തല്ലിയിരുന്ന ഇരുവരും വീട്ടുജോലികള്‍ ചെയ്യിപ്പിച്ചതായും പരാതിയുണ്ട്.
രണ്ടാനമ്മ മര്‍ദ്ദിക്കുന്ന വിവരം പതിനൊന്നുകാരി സ്‌കൂളിലെ അധ്യാപകരോട് പറഞ്ഞിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കാതെ മറച്ചുവെച്ചു. ഇതിനിടെ വീട്ടില്‍നിന്ന് ഇടയ്ക്കിടെ കുട്ടികളുടെ കരച്ചിലും ബഹളവും കേള്‍ക്കുന്നത് പതിവായതോടെ അയല്‍വാസികളാണ് ബന്ധുക്കളെ വിവരമറിയിച്ചത്. സംഭവമറിഞ്ഞെത്തിയ കുട്ടികളുടെ അമ്മയുടെ മാതാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
മര്‍ദ്ദനമേറ്റ പതിനൊന്നുകാരിയെ പോലീസ് പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ശരീരത്തില്‍ വിവിധഭാഗങ്ങളിലായി മര്‍ദ്ദനമേറ്റതിന്റെയും പൊള്ളലേല്‍പ്പിച്ചതിന്റെയും പാടുകളുണ്ട്.