‘ചോദ്യകര്‍ത്താവിന്റെ മനസില്‍ ലഡു പൊട്ടി’ പിഎസ്സി ചോദ്യപേപ്പറില്‍ സില്‍വര്‍ലൈന്‍ കടന്നു പോകാത്ത ജില്ലയായി പത്തനംതിട്ട! സില്‍വര്‍ലൈന്‍ മാപ്പ് നോക്കി ചോദ്യമിട്ടാല്‍ ഇങ്ങനെ തന്നെ വരുമെന്ന് പരീക്ഷാര്‍ഥികള്‍

20 second read

പത്തനംതിട്ട: പിഎസ് സി ഇന്ന് നടത്തിയ പത്താം ക്ലാസ് ലെവല്‍ പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടത്തിലെ സില്‍വര്‍ലൈന്‍ സംബന്ധിയായ ചോദ്യം ഉദ്യോഗാര്‍ഥികളെ വലച്ചു. അഞ്ചാം നമ്പരായി വന്ന ചോദ്യമാണ് വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയത്. നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജില്ല: എന്നതായിരുന്നു ചോദ്യം. ഉത്തരമായി നല്‍കിയിരുന്നത് എ-കോഴിക്കോട്, ബി-തൃശൂര്‍, സി-പത്തനംതിട്ട, ഡി-കോട്ടയം എന്നിവയാണ്.

ഈ നാലു ജില്ലകളും പദ്ധതിയുടെ കീഴില്‍ വരുന്നുണ്ട്. ചോദ്യകര്‍ത്താവ് സില്‍വര്‍ലൈന്‍ മാപ്പ് നോക്കിയാകും ചോദ്യം തയാറാക്കിയത് എന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. മാപ്പിനുള്ളില്‍ മറ്റ് മൂന്നു ജില്ലകളുടെയും ആസ്ഥാനത്തിന്റെ പേര് എഴുതിയിടത്തു കൂടിയാണ് സില്‍വര്‍ലൈന്‍ സൂചിപ്പിക്കുന്ന ചുവന്ന വര കടന്നു പോകുന്നത്. പത്തനംതിട്ട ജില്ലയില്‍ മാത്രം തിരുവല്ല എന്ന് എഴുതിയിടത്തു കൂടി ചുവന്ന വര കടന്നു പോകുന്നു.

പത്തനംതിട്ട എന്ന പേര് ലൈനില്‍ നിന്ന് മാറിയാണ് കിടക്കുന്നത്. ഇതാകും ചോദ്യകര്‍ത്താവിന്റെ മനസില്‍ ലഡു പൊട്ടിച്ചത്. പക്ഷേ, പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍, കുന്നന്താനം പഞ്ചായത്തുകളിലൂടെയാണ് ലൈന്‍ കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുന്നത് എന്ന കാര്യം മാത്രം ചോദ്യകര്‍ത്താവ് അറിഞ്ഞില്ല. പത്തനംതിട്ട ശരിയുത്തരം എന്ന തരത്തിലാണ് ചോദ്യം ഇട്ടിരിക്കുന്നത് എന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.

കേരള പി.എസ്.സി പത്താം ലെവല്‍ പ്രാഥമിക പരീക്ഷയുടെ ആദ്യ ഘട്ടം ഫെബ്രുവരി 20ന് സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി നടന്നു. നാലു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉണ്ടായിരുന്നത്.

പത്താം ക്ലാസ് യോഗ്യതയായി വരുന്ന തസ്തികളായ എല്‍.ഡി.സി ഉള്‍പ്പടെയുള്ളവയിലേക്കും എല്‍.ജി.എസ് എന്നിവയിലേക്ക് അപേക്ഷിച്ചവര്‍ക്കുമായാണ് പൊതു പ്രാഥമിക പരീക്ഷ നടത്തുന്നത്. ഇതില്‍ യോഗ്യത നേടിയാല്‍ മാത്രമെ മെയിന്‍ പരീക്ഷ എഴുതാന്‍ കഴിയൂ. പരീക്ഷ ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.15 വരെയായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …