കണ്ണൂര്‍: സിപിഎം പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗവും കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയുമായ കെ.കെ. ശ്രീജിത്തിനെ വഹിക്കുന്ന സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്തതായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ അറിയിച്ചു. അപമര്യാദയായി പെരുമാറിയെന്ന ഡിവൈഎഫ്‌ഐ വനിതാ പ്രവര്‍ത്തകയുടെ പരാതിയിലാണു നടപടി.
ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധിയായിരുന്ന വനിതാ പ്രവര്‍ത്തകയാണ് പരാതിക്കാരി. സമ്മേളനത്തിന് കണ്ണൂരിലേക്ക് ഒരുമിച്ചു പോകാമെന്ന് അറിയിക്കുകയും പാര്‍ട്ടി ഓഫിസിലെത്തിയപ്പോള്‍ സെല്‍ഫിയെടുക്കാനെന്ന പേരില്‍ മറ്റൊരു മുറിയില്‍ കൊണ്ടുപോയി അപമര്യാദയായി പെരുമാറിയെന്നുമാണു പരാതി.
ശ്രീജിത്തിനെ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്തുവെന്ന ഒറ്റ വാചകത്തിലുള്ള പത്രക്കുറിപ്പാണ് ജില്ലാ സെക്രട്ടറി പുറത്തിറക്കിയത്. പ്രശ്‌നം പൊലീസില്‍ എത്തിയിട്ടില്ല.