മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്. 32.95 കോടി തിരിച്ചടയ്ക്കണമെന്ന് : വിജിലന്‍സ് അന്വേഷണത്തിനും ശിപാര്‍ശ

20 second read

പത്തനംതിട്ട: സെക്രട്ടറിയെയും പ്രസിഡന്റിനെയും ഭരണ സമിതി അംഗങ്ങളെയും വെട്ടിലാക്കി മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്.

ഗുരുതരമായ ക്രമക്കേടുകളില്‍ നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള 2020-21 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് ബാങ്ക് ഭരണ സമിതിയും സഹകരണ വകുപ്പും പൂഴ്ത്തി വച്ചിരിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ക്രമക്കേടിന്റെ ആഴം കൂടുതല്‍ വ്യക്തമായി.

ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് ഗോതമ്പ് ഫാക്ടറിക്ക് നല്‍കിയ തുക പലിശ സഹിതം 32.95 കോടി രൂപ പ്രസിഡന്റ്, സെക്രട്ടറി, ഭരണ സമിതി അംഗങ്ങള്‍ എന്നിവരില്‍ നിന്ന് ഈടാക്കാന്‍ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് റിപ്പോര്‍ട്ടില്‍ വകുപ്പു തല വിജിലന്‍സ് അന്വേഷണത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സി ക്ലാസിലേക്ക് തരം താഴ്ത്തപ്പെട്ട ബാങ്കില്‍ ആ വിവരം മറച്ചു വച്ച് ജീവനക്കാര്‍ക്ക് സ്പെഷല്‍ ക്ലാസ് 1 ബാങ്കിന്റെ നിരക്കിലുള്ള ശമ്പളം നല്‍കി വന്നത് തിരികെ ഈടാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് മൈഫുഡ് ഫാക്ടറി ബാങ്ക് സ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സഹകരണ ഓഡിറ്റ് ഇവിടേക്കും വരുമെന്നായപ്പോള്‍ ഭരണ സമിതിയും സെക്രട്ടറിയും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങി. ഓഡിറ്റ് സംഘം ഫാക്ടറിയില്‍ നിന്ന് അകന്നതോടെ ബാങ്കില്‍ നിന്ന് ഇവിടേക്ക് കോടികള്‍ ഒഴുകി. ഒരു പൈസ പോലും തിരിച്ചടച്ചില്ലെന്ന് മാത്രമല്ല, പലിശയിനത്തില്‍ അടച്ച തുകയും തൊട്ടുപിന്നാലെ വീണ്ടും വായ്പയായി ഫാക്ടറിയിലേക്ക് തന്നെ എത്തിച്ചു.

ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ഫാക്ടറിക്ക് ബാങ്കില്‍ നിന്നുള്ള അഡ്വാന്‍സ് 29.58 കോടിയാണ്. ഇതില്‍ പലിശയിനത്തില്‍ മാത്രം ബാങ്കിന് തിരികെ ലഭിക്കേണ്ടത് 3.37 കോടിയാണ്. മുതലും പലിശയും ചേര്‍ക്കുമ്പോള്‍ 32.95 കോടിയാകും ബാധ്യത. കമ്മറ്റി രൂപീകരിച്ചാണ് ഫാക്ടറി ഭരിക്കുന്നത്.
ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ ഫാക്ടറി കമ്മറ്റിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റ് എന്‍.ആര്‍. സുനില്‍കുമാര്‍ വൈസ് പ്രസിഡന്റും സെക്രട്ടറി ജോഷ്വാ മാത്യു എം.ഡിയുമാണ്.

ഭരണ സമിതിയംഗങ്ങളായ സുനില്‍ തോമസ്, സി.എം. ജോണ്‍, മാത്യു സി. ജോര്‍ജ് എന്നിവര്‍ ഫാക്ടറി കമ്മറ്റിയംഗങ്ങളാണ്. 32.95 കോടി രൂപ ഇത്രയും പേരില്‍ നിന്ന് തുല്യമായി ഈടാക്കാനാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. ഫാക്ടറി തുടങ്ങുന്നതിനും ഇത്രയും ഭീമമായ തുകകള്‍ അഡ്വാന്‍സ് നല്‍കുന്നതിനും സഹകരണ വകുപ്പിന്റെ അനുവാദമില്ലാത്തതായി ശ്രദ്ധയില്‍പ്പെടുകയും ആയത് സംബന്ധിച്ച് കത്തുകള്‍ നല്‍കിയിട്ട് സെക്രട്ടറി ഹാജരാക്കിയിട്ടില്ലെന്നും ഓഡിറ്റില്‍ കണ്ടെത്തി. ഫാക്ടറി ആരംഭിച്ച നാള്‍ മുതല്‍ ബാങ്കില്‍ നിന്ന് നല്‍കിയിട്ടുള്ള അഡ്വാന്‍സുകളെല്ലാം തുടര്‍ വര്‍ഷങ്ങളിലെല്ലാം അധികരിച്ചു വരികയും ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാങ്ക് സെക്രട്ടറി ഫാക്ടറി എംഡിയായും ഭരണ സമിതി അംഗങ്ങള്‍ ഫാക്ടറിയുടെ കമ്മറ്റിയിലും പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ബാങ്കിന്റെ ഫണ്ട് അനുവാദമില്ലാതെ ഫാക്ടറിക്ക് നല്‍കി ധനദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്നും ഓഡിറ്റില്‍ കണ്ടെത്തി.

കടം അപകടം: സെയില്‍സ്മാന്‍ 7.21 ലക്ഷം അടയ്ക്കണം

കടം വില്‍പ്പന നടത്തിയ വകയില്‍ ബാങ്കിന് ലഭിക്കാനുള്ള 7.21 ലക്ഷം രൂപ സെയില്‍സ്മാന്‍ വി. വിഷ്ണുകുമാറില്‍ നിന്നും അഡ്വാന്‍സ് ഇനത്തില്‍ അടയ്ക്കാനുള്ള 61,194 രൂപ ബാങ്കിലെ അക്കൗണ്ടന്റ് ഷാജി ജോര്‍ജില്‍ നിന്നും 18 ശതമാനം പലിശ സഹിതം ഈടാക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.
എസ്റ്റാബ്ലിഷ്മെന്റ് ഹെഡില്‍ 12.77 ലക്ഷം ചെലവ് എഴുതുകയും 10.70 ലക്ഷം രൂപ മാത്രം വരവ് പിടിക്കുകയും ചെയ്തത് സംബന്ധിച്ച് സെക്രട്ടറി സമര്‍പ്പിച്ചിട്ടുള്ള വിശദീകരണം തൃപ്തികരമല്ല. വരവിനത്തില്‍ വ്യത്യാസം വന്ന 2.06 ലക്ഷം രൂപ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ പേരില്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.

വരവ് മൂന്നാം ക്ലാസില്‍, ശമ്പളം ഒന്നാം ക്ലാസില്‍

ക്ലാസ് വണ്‍ സ്പെഷല്‍ ഗ്രേഡിലാണ് ബാങ്ക് ഉണ്ടായിരുന്നത്. ആ സ്‌കെയില്‍ അനുസരിച്ചുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് നല്‍കിപ്പോന്നിരുന്നത്. എന്നാല്‍, 2019-20, 2020-21 വര്‍ഷങ്ങളില്‍, വായ്പാ കുടിശിക ഡിമാന്‍ഡിന്റെ 25 ശതമാനം അധികരിക്കാന്‍ പാടില്ലാത്തതാണെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലാത്തതിനാല്‍ ബാങ്ക് സി ക്ലാസിലേക്ക് തരം താഴ്ത്തപ്പെട്ടു. ആയതിനാല്‍ ഓഡിറ്റ് വര്‍ഷം ജീവനക്കാര്‍ക്ക് ശമ്പള-അലവന്‍സ് ഇനത്തില്‍ അധികരിച്ച് നല്‍കിയ തുക തിരികെ പിടിച്ച് വരവ് വയ്ക്കണം. അത് ചെയ്യാത്ത പക്ഷം ഭരണ സമിതിക്ക് മാത്രമാകും ഉത്തരവാദിത്തം.
ബാങ്ക് റീ ക്ലാസിഫൈ ചെയ്യുന്നതിനുളള നടപടി അടിയന്തരമായി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

മാര്‍ക്കറ്റിങ് സൊസൈറ്റികളില്‍ രണ്ടരക്കോടിയുടെ നിക്ഷേപം

മീനച്ചില്‍ മാര്‍ക്കറ്റിങ് സൊസൈറ്റി, പാലാ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി, പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലേക്ക് 2.53 കോടി സഹകരണ വകുപ്പിന്റെ അനുവാദമില്ലാതെ നിക്ഷേപിച്ചതായി കണ്ടെത്തി. ഈ തുക തിരികെ കിട്ടാത്ത പക്ഷം ബാങ്ക് സെക്രട്ടറി, ഭരണ സമിതി അംഗങ്ങള്‍ എന്നിവരില്‍ നിന്ന് ഈടാക്കണം.
മീനച്ചില്‍ സൊസൈറ്റിക്ക് 1,36,35,084 രൂപയും പാലായ്ക്ക് 1,11,82,601 രൂപയും പൂഞ്ഞാര്‍ എസ്.സി.ബിയില്‍ അഞ്ചു ലക്ഷവുമാണ് നിക്ഷേപിച്ചിട്ടുള്ളത്.
ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അഗ്രിമാര്‍ട്ടും നഷ്ടത്തിലാണ്. 13,79,649 രൂപയാണ് അഗ്രിമാര്‍ട്ട് ബാങ്കിന് തിരിച്ചടയ്ക്കാനുള്ളത്. അഗ്രിമാര്‍ട്ട്, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ജീവനക്കാരെ നിയമിച്ചതും വേതനം നല്‍കുന്നതും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. ബാങ്ക് ഓഡിറ്റ് വര്‍ഷവും അറ്റ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. മതിയായ തരളിത ധനം ബാങ്കില്‍ സൂക്ഷിക്കാത്തത് ചട്ടം 63 ന്റെ ലംഘനമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …