എന്നോ വരാന്‍ പോകുന്ന കെ റെയിലിന് നിര്‍മാണ സാമഗ്രികള്‍ ശേഖരിക്കാന്‍ സംസ്ഥാനത്തെ ക്വാറികള്‍ ഇപ്പോഴേ അടച്ചു പൂട്ടി: പാറയുല്‍പ്പന്നങ്ങളുടെ വിലവര്‍ധനവില്‍ നട്ടം തിരിഞ്ഞ് കരാറുകാര്‍

17 second read

പത്തനംതിട്ട: അതിസങ്കീര്‍ണമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചെറുകിട ഇടത്തരം ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ പാറ ഉല്‍പന്നങ്ങളുടെ വില കുതിച്ചുയര്‍ന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിലവാരം കുറഞ്ഞ പാറ വന്‍ വിലയ്ക്ക് കൊണ്ടു വന്ന് ഉപയോഗിക്കുന്നതിനാല്‍ ക്രഷര്‍ യൂണിറ്റുകള്‍ അനുബന്ധ വസ്തുക്കളായ മെറ്റല്‍, പാറപ്പൊടി, തുടങ്ങിയവയുടെ വില ക്രമാതീതമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് നാട്ടില്‍ നിന്നും പാറ ലഭിക്കാത്തതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് കൊണ്ടു വരണമെന്നും ഇതിന് ചെലവേറുമെന്നും ആനുപാതികമായി ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിക്കുമെന്നും ക്രഷര്‍ യൂണിറ്റ് ഉടമകള്‍ പറയുന്നു.

വരാന്‍ പോകുന്ന സില്‍വര്‍ ലൈനിന്റെ പണിക്ക് അസംസ്‌കൃത പദാര്‍ഥങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇല്ലാത്ത വ്യവസ്ഥകള്‍ ചുമത്തി ക്വാറികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചിരിക്കുന്നതെന്നും പറയുന്നു. ഇക്കാര്യം പറയാതെ പറയുകയാണ് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സെക്രട്ടറി തോമസു കുട്ടി തേവരുമുറിയില്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അനില്‍ ഉഴത്തില്‍, സെക്രട്ടറി അജികുമാര്‍ വള്ളിക്കോട്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍.പി ഗോപാലകൃഷ്ണന്‍, സാബു കണ്ണംകുഴയത്ത് എന്നിവര്‍.

നിലവില്‍ ക്വാറികള്‍ സംസ്ഥാന വ്യാപകമായി സ്തംഭിപ്പിച്ചിരിക്കുന്നത് കെറെയിലിന് വേണ്ടിയാണെന്ന ആരോപണം അവര്‍ ശരിവയ്ക്കുന്നു.
പിടിവാശിയും ആഭ്യന്തര കലാപവും ഒഴിവാക്കി കെറെയില്‍ വിഷയത്തില്‍ ആരോഗ്യകരമായ സംവാദവും തുടര്‍ന്ന് റഫറണ്ടവും വേണമെന്ന് നേതാക്കള്‍ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനും എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും നിവേദനം നല്‍കും.

അതിവേഗവും സംയോജിതവുമായ ഗതാഗതം കാലഘട്ടത്തിന്റെ ആവശ്യമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, മുന്‍ഗണനകള്‍ എന്നിവയും പ്രധാനമാണ്. മേയ് മാസത്തില്‍ അസോസിയേഷന്‍ എല്ലാ ജില്ലകളിലും ഇത് സംബന്ധിച്ച് സംവാദം സംഘടിപ്പിക്കും. ആരോഗ്യകരമായ സംവാദങ്ങളും റഫറണ്ടവും സംസ്ഥാനത്തിന്റെ വികസനത്തിന് ശരിയായ ദിശാബോധം സൃഷ്ടിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നിര്‍മാണ വസ്തുക്കളുടെ വില, കൂലി, ഗതാഗത ചെലവുകള്‍ എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് കരാര്‍ തുകകളിലും മാറ്റം വരുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇന്ധന വിലകളില്‍ അടിക്കടിയുണ്ടാകുന്ന വ്യതിയാനം നിര്‍മാണ ചെലവുകളില്‍ ബഹുതല മാറ്റമാണുണ്ടാക്കുന്നത്. അതോടൊപ്പം വന്‍കിട ഉദ്പാകര്‍ സംഘം ചേര്‍ന്ന് ബിറ്റുമിന്‍, സിമെന്റ്, സ്റ്റീല്‍, പൈപ്പുകള്‍, ഇലക്ട്രിക്കല്‍ പ്ലംബിങ് സാധനങ്ങള്‍, ക്വാറിക്രഷര്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില വര്‍ധിപ്പിക്കുകയാണ്.

ടാര്‍ വില പൊതുമരാമത്ത് പട്ടിക നിരക്കിനേക്കാള്‍ നൂറുശതമാനത്തിലേറെ വര്‍ധിച്ചു. അതിന് നഷ്ടപരിഹാരം നല്‍കാന്‍ ധനവകുപ്പ് ഉത്തരവിറക്കിയിട്ടും ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. ഓരോ മാസത്തെയും നിരക്കുകളുടെ ശരാശരി കണക്കാക്കാന്‍ സംവിധാനം ഉണ്ടാക്കുകയും അതിനനുസരിച്ച് കരാര്‍ തുകയില്‍ മാറ്റം വരുത്തുകയും വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മേയ് ഏഴിന് അസോസിയേഷന്‍ സൂചനാ പണിമുടക്ക് നടത്തും.
ഏഴു മാസത്തെ കുടിശിക തുകയാണ് കരാറുകാര്‍ക്ക് ഇനി ലഭിക്കാനുള്ളത്. മുഖ്യമന്ത്രിയുടെ റോഡ് വികസന പദ്ധതിയില്‍ ചെയ്ത പണികള്‍ക്കുളള പണം ഇതുവരെ ലഭിച്ചില്ലെന്നും കരാറുകാര്‍ പറയുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …