ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടി രൂപയുടെ ക്രമക്കേട് : മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

17 second read

പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ സെക്രട്ടറി ജോഷ്വ മാത്യുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ അറിയിച്ചു.

സഹകരണ വകുപ്പിന്റെ 65 വകുപ്പ് പ്രകാരം നടന്ന അന്വേഷണത്തില്‍ ക്രമക്കേട് സ്ഥിരീകരിച്ചതിന് പിന്നാലെ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ വന്നിരുന്നു. എന്നാല്‍, ബാങ്ക് ഭരണ സമിതി യോഗം ചേര്‍ന്ന് സസ്പെന്‍ഷന്‍ മരവിപ്പിച്ചു. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് ഗോതമ്പ് സംസ്‌കരണ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടി രൂപയുടെ ക്രമക്കേട് അേന്വഷണത്തില്‍ കണ്ടെത്തി. തൊട്ടുപിന്നാലെ സഹകരണ സംഘം കോന്നി അസി. രജിസ്ട്രാറുടെ പരാതിയില്‍ സെക്രട്ടറിക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ കേസില്‍ പ്രതിയായ സെക്രട്ടറിയെ ഇനിയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് വന്നതോടെ ഇന്നാണ് സസ്പെന്‍ഡ് ചെയ്യാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തത്.

തട്ടിപ്പില്‍ മറ്റ് ജീവനക്കാര്‍ക്കും ഭരണ സമിതിയിലെ ചിലര്‍ക്കും പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണത്തില്‍ ഇവരെയും പ്രതികളാക്കാനാണ് സാധ്യത. ഏപ്രില്‍ 30 ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ അറസ്റ്റ് ഭയന്ന് സെക്രട്ടറി ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുകയാണെന്നും പറയുന്നു.
സെക്രട്ടറി വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന രണ്ടു ജീവനക്കാരില്‍ ഒരാള്‍ തനിക്ക് ആ പദവി വേണ്ടെന്ന് എഴുതി നല്‍കിയിട്ടുണ്ട്. മറ്റൊരാള്‍ ജോലി തന്നെ രാജി വച്ച് കത്ത് നല്‍കിയതായും സൂചനയുണ്ട്. ക്രമക്കേടിന്റെ പേരില്‍ പ്രതിയാകാന്‍ സാധ്യതയുള്ളയാളാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്.

സംഘടിതമായിട്ടാണ് തട്ടിപ്പ് നടന്നിരിക്കുന്നതെങ്കിലും സെക്രട്ടറിയുടെ തലയില്‍ വച്ച് മറ്റുള്ളവരെ രക്ഷിക്കാനുള്ള നീക്കമാണപ്പോഴുള്ളത്. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണിതെന്നും സൂചനയുണ്ട്. സെക്രട്ടറി ജോഷ്വയും പ്രസിഡന്റ് ജെറി ഈശോ ഉമ്മനും തട്ടിപ്പില്‍ തുല്യപങ്കാളിത്തമുണ്ടെന്ന് ജീവനക്കാരും നിക്ഷേപകരും ആരോപിക്കുന്നു. കേരളാ കോണ്‍ഗ്രസിന്റെ വിവിധ ബ്രാക്കറ്റ് പാര്‍ട്ടികളില്‍ അംഗമായിരുന്ന ജെറി ഈശോ ഉമ്മന്‍ ഒടുവില്‍ സി.പി.എമ്മില്‍ വന്നു ചേരുകയായിരുന്നു. കഴിഞ്ഞ സമ്മേളനത്തില്‍ ഏരിയാ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബാങ്ക് ക്രമക്കേട് പുറത്തു വന്നത്. ഇതോടെ ഏരിയാ കമ്മറ്റി അംഗത്തെ സഹായിക്കേണ്ട ബാധ്യത സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമലിലായി.

കടക്കെണിയില്‍പ്പെട്ടു വലഞ്ഞിരുന്ന ബാങ്കിന് അത്യാവശ്യം ഫണ്ട് സംഘടിപ്പിച്ചു കൊടുക്കാന്‍ സിപി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ശ്രമിച്ചിരുന്നു. എന്നാല്‍, അതൊക്കെ കടലില്‍ കായം കലക്കുന്നതു പോലെയായിരുന്നു. ഏതാണ്ട് 40 കോടി രൂപയാണ് ഫാക്ടറിയിലേക്ക് വകമാറ്റി തട്ടിയെടുത്തത്. ഇത് തിരികെ ബാങ്കില്‍ അടയ്ക്കാന്‍ കഴിയാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …